ബംഗളൂരു: സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ ബാംഗ്ലൂരിനെ ചുവപ്പണിയിച്ചു ഐടി തൊഴിലാളികളുടെ പടുകൂറ്റന്‍ റാലി. കര്‍ണാടകയിലെ ഐടി തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍ സംഘടനയായ കര്‍ണാടക സ്‌റ്റേറ്റ് ഐടി/ ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ (കെഐടിയു) നേതൃത്വത്തില്‍ സംഘടിപ്പിച്ച മെയ് ദിന റാലിയിലാണ് നൂറുകണക്കിന് ഐടി തൊഴിലാളികള്‍ അണിനിരന്നത്.
ചെങ്കൊടികളും ചുവന്ന ബാനറുകളും ബലൂണുകളും പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു ഐടി തൊഴിലാളികളുടെ ആവേശകരമായ മാര്‍ച്ച്. മാര്‍ക്‌സ്, ലെനിന്‍, സ്റ്റാലിന്‍ എന്നിവരുടെ ചിത്രം ആലേഖനം ചെയ്‌ത ചുവന്ന ടീ ഷര്‍ട്ടണിഞ്ഞും നിരവധി പേര്‍ റാലിയില്‍ പങ്ക് എടുത്തു. തൊഴില്‍ ചൂഷണത്തിനും സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കുമെതിരായ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ടെക്കികള്‍ റാലിയില്‍ പങ്കെടുത്തത്. മാന്യമായ വേതനം, എട്ടു മണിക്കൂര്‍ തൊഴില്‍ സമയം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം, തൊഴിലാളി വിരുദ്ധ തൊഴില്‍ നിയമഭേദഗതികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും തൊഴിലാളികള്‍ ഉയര്‍ത്തി.