ബുധനാഴ്ച കർണാടക നിയമസഭയിൽ ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും പരസ്പരം ആക്രോശിച്ചുകൊണ്ട് ബഹളം വച്ചു. ‘ഭഗവ ധ്വജ്’ (കാവി പതാക) ദേശീയ പതാകയായേക്കുമെന്ന ഈശ്വരപ്പയുടെ സമീപകാല പ്രസ്താവനയുടെ പേരിൽ പിരിച്ചുവിടലും രാജ്യദ്രോഹക്കുറ്റവും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുന്നതിനിടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
അടിയന്തര പ്രമേയത്തിൽ ഈശ്വരപ്പയ്‌ക്കെതിരെ കുറ്റം ചുമത്തപ്പെട്ടതിനാൽ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരിയുടെ ഭാഗം കേൾക്കാൻ ആഗ്രഹിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ചൂടേറിയ വാക്കുതർക്കം ആരംഭിച്ചത്. ഇതിനെ എതിർത്ത ശിവകുമാർ ഈശ്വരപ്പയെ സംസാരിക്കാൻ അനുവദിക്കേല്ലെന്ന് പറഞ്ഞു.
ഇതിന് ഈശ്വരപ്പ ചില അഭിപ്രായങ്ങൾ ഇരുന്ന സ്ഥലത്തു നിന്ന് പറഞ്ഞതായി പറയപ്പെടുന്നു, എന്നാൽ ബഹളത്തിനിടയിൽ അത് വ്യക്തമായി കേട്ടില്ല. “ഇത് നിങ്ങളുടെ (ശിവകുമാർ) അച്ഛന്റെ സ്വത്തല്ല” എന്ന് ഈശ്വരപ്പ പറഞ്ഞതായി അവകാശപ്പെട്ട ശിവകുമാർ, ദേഷ്യത്തിൽ അദ്ദേഹത്തിനെതിരെ ആക്ഷേപിക്കാൻ ശ്രമിച്ചു.ബഹളം കാരണം സമ്മേളനം കുറച്ചു സമയത്തേക്ക് നിർത്തിവെച്ചു.
കഴിഞ്ഞ ദിവസം ഹിജാബ് വിഷയത്തിൽ പ്രതികരിക്കാവേയാണ് മന്ത്രി വിവാദ പരാമർശം നടത്തിയ ത്. ലോകത്തെവിടെയും ഏതു കൊടിമരത്തിലും തങ്ങൾ കാവി പതാക ഉയർത്തുമെന്നും ബോധമുള്ളവർ അതു മാനിക്കണമെന്നുമായിരുന്നു ഈശ്വരപ്പ പറഞ്ഞത്. ഹിജാബ് കലാപങ്ങളുടെ ഭാഗമായി ശിവമൊഗ്ഗയിലെ വിദ്യാലയത്തിൽ കാവി പതാക ഉയർത്തിയെന്ന പിസിസി അധ്യക്ഷൻ ഡി.കെ ശിവ കുമാറിന്റെ വാക്കുകൾക്കു മറുപടിയായാണ് ഈശ്വരപ്പ ചെങ്കോട്ട പരാമർശം നടത്തി വെട്ടിലായത്.