മംഗളൂരു: ഐഎസ് ബന്ധത്തിന്റെപേരില്‍ മംഗളൂരുവില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ബട്കലിലെ സുഫ്രി ജോഹര്‍ ദാമൂദിയെയാണ് വെള്ളിയാഴ്ച എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. റോ, പൊലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഇതോടെ കേസില്‍ രണ്ടുദിവസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
വ്യാജ ഐഡിയുണ്ടാക്കി സമൂഹമാധ്യമങ്ങള്‍വഴി ആളുകളെ ഐഎസിലേക്കെത്തിക്കുന്ന പ്രവര്‍ത്തനത്തിലായിരുന്നു സുഫ്രി ജോഹറെന്നാണ് എന്‍ഐഎ പറയുന്നത്. ഐഎസിലേക്ക് ആളുകളെ ചേര്‍ത്തതിനും ഫണ്ട് സമാഹരിച്ചതിനും കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റിലായ മുഖ്യപ്രതി മലപ്പുറം സ്വദേശി മുഹമ്മദ് അമീന് എന്ന അബു യഹിയയുമായും ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവത്രെ.
കഴിഞ്ഞ ദിവസം മംഗളൂരു, ബംഗളൂരു, കശ്മീര്‍ എന്നിവിടങ്ങളില്‍നിന്നായി പിടിയിലായ അമര്‍ അബ്ദുള്‍ റഹ്മാന്, ശങ്കര്‍ വെങ്കിടേഷ് പെരുമാള്‍ എന്ന അലി മൗവിയ, മുസാമിന്‍ ഹസന് ഭട്ട്, ഉബൈദ് ഹമീദ് എന്നിവരെ ഡല്‍ഹി എന്‍ഐഎ ആസ്ഥാനത്തെത്തിച്ച് ചോദ്യംചെയ്യുകയാണ്. അമറിന്റെ അടുത്ത ബന്ധുവായ യുവതിയും ഉടന്‍ അറസ്റ്റിലായേക്കുമെന്ന് സൂചനയുണ്ട്. ഇവര്‍ എന്‍ഐഎ നിരീക്ഷണത്തിലാണ്.