ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയുടെ മുഖമായി ബോളിവുഡിനെ വാഴ്ത്തിപ്പാടിയിരുന്ന കാലഘട്ടത്തിന് അവസാനമായി എന്നും ഹിന്ദി ചലച്ചിത്രലോകത്തിന്റെ പ്രമാണിത്വം അവസാനിക്കുകയാണെന്നും തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഇതിന് ആക്കം കൂട്ടുകയാണ് ഒരേ ദിവസങ്ങളില്‍ റിലീസിനെത്തിയ അക്ഷയ് കുമാര്‍ ചിത്രവും തമിഴ്ചിത്രം വിക്രവും.
ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തിയ ലോകേഷ് കനകരാജ് ചിത്രം വിക്രമിനോട് പിടിച്ചുനില്ക്കാന് പാടുപെടുകയാണ് സാമ്രാട്ട് പൃഥിരാജ്. വിക്രമിനോട് മാത്രമല്ല തെലുങ്ക് ചിത്രം മേജറും സാമ്രാട്ടിന് വെല്ലുവിളി ഉയര്‍ത്തുകയാണ്. വിക്രവും മേജറും ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. സാമ്രാട്ട് തമിലും തെലുങ്കിലും റിലീസ് ചെയ്തിരുന്നു. പത്ത് കോടിയ്ക്ക് മുകളില്‍ ചിത്രം ആദ്യദിനം കളക്ഷന്‍ നേടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ആദ്യദിനങ്ങളില്‍ തന്നെ കമലഹാസന് പ്രധാനവേഷത്തിലെത്തിയ വിക്രം 100 കോടി ക്ളബില്‍ ഇടം നേടുമെന്നാണ് ചലച്ചിത്രവിദഗ്ദ്ധര് പ്രവചിക്കുന്നത്. എല്ലാ ഭാഷയിലും നിന്നായി 34 കോടിയാണ് വിക്രമിന്റെ ആദ്യദിന കളക്ഷന്‍. ചിത്രം അന്താരാഷ്ട്ര തലത്തിലും ഏറെ ചര്‍ച്ചയാവുകയാണ്. ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളിലും ചിത്രം മികച്ച കളക്ഷന്‍ നേടുകയാണ്. കമല്‍ഹാസനെ കൂടാതെ ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവചരിത്രം പറയുന്ന മേജര്‍ ആദ്യദിനം നേടിയത് ഏഴുകോടി രൂപയാണ്. മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്ന ചിത്രത്തിന്റെ കളക്ഷന്‍ ഇനിയും ഉയരാന്‍ ഏറെ സാദ്ധ്യതയുണ്ട്. അദിവി ശേഷാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്.
തെന്നിന്ത്യന്‍ സിനിമകള്‍ പ്രത്യേകിച്ച് കന്നഡ, തെലുങ്ക്, തമിഴ് സിനിമകള്‍ തുടര്‍ച്ചയായി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളുടെ ഹിന്ദി പതിപ്പുകള്‍ വന്‍ വിജയം നേടുന്നതും ബോളിവുഡിന് വെല്ലുവിളിയാവുകയാണ്. പ്രഭാസ് ചിത്രം ബാഹുബലിയില്‍ നിന്നാണ് ഇത്തരമൊരു മാറ്റം കണ്ടു തുടങ്ങിയത്. തുടര്‍ന്ന് അല്ലു അര്‍ജുന്റെ പുഷ്പ, റാം ചരണും ജൂനിയര്‍ എന്‍ടിആറും ഒന്നിച്ചെത്തിയ ആര്‍ആര്‍ആര്‍, യാഷിന്റെ കെജിഫിന്റെ രണ്ട് ഭാഗങ്ങള്‍ എന്നിവയും ബോളിവുഡ് ചിത്രങ്ങളെ തകര്‍ത്ത് വമ്ബന്‍ വിജയം നേടിയിരുന്നു. ഇക്കാരണങ്ങള്‍ക്കൊണ്ട് തന്നെ ബോളിവുഡിന്റെ പ്രതാപം അവസാനിക്കുകയാണോ എന്ന ആക്ഷേപം ഉയരുന്നുണ്ട്.