ടെഹ്റാൻ/വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ രക്തരൂക്ഷിതമായ പോരാട്ടം തുടരുമ്പോഴും, അതിനേക്കാള്‍ തീവ്രമായ സൈബർ യുദ്ധത്തിലാണ് ഇറാനും അമേരിക്കയും.രണ്ടാഴ്ചയായി ഇന്റർനെറ്റ് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ട ഇറാനില്‍, ജനങ്ങളുടെ മൊബൈല്‍ ഫോണുകളിലേക്ക് റെവല്യൂഷണറി ഗാർഡുകള്‍ (IRGC) അയക്കുന്ന സന്ദേശങ്ങള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇറാൻ യുദ്ധത്തില്‍ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും അമേരിക്കൻ താവളങ്ങള്‍ നിശ്ചലമായെന്നും അവകാശപ്പെടുന്ന സന്ദേശങ്ങളാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്തതിലൂടെ ആഗോള സമ്പദ്വ്യവസ്ഥയെ ഇറാൻ മുട്ടുകുത്തിച്ചുവെന്നാണ് ഭരണകൂടത്തിന്റെ അവകാശവാദം. വാർത്താ വിനിമയ സംവിധാനങ്ങള്‍ തടസപ്പെട്ടതോടെ പുറംലോകത്തെ വിവരങ്ങള്‍ അറിയാൻ കഴിയാത്ത ഇറാനികള്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. ‘ഉത്തരകൊറിയയിലേതുപോലെ സർക്കാർ നല്കുന്ന വാർത്തകള്‍ മാത്രം വിശ്വസിക്കേണ്ടി വരുന്ന അവസ്ഥയാണിതെന്ന്’ ഇറാനിലെ സാധാരണക്കാർ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിക്കുന്നുണ്ട്. സത്യാവസ്ഥ മറച്ചുവെച്ച് ജനങ്ങള്‍ക്കിടയില്‍ യുദ്ധവിജയം കൃത്രിമമായി നിർമ്മിച്ചെടുക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.അമേരിക്കയും ഒട്ടും പിന്നിലല്ലമറുഭാഗത്ത്, അമേരിക്കയും ഒട്ടും പിന്നിലല്ല.
പെന്റഗണും ട്രംപ് ഭരണകൂടവും പുറത്തുവിടുന്ന യുദ്ധദൃശ്യങ്ങള്‍ പ്രശസ്തമായ ‘കോള്‍ ഓഫ് ഡ്യൂട്ടി’, ‘ജിടിഎ’ തുടങ്ങിയ വീഡിയോ ഗെയിമുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണെന്ന് വിമർശനമുയർന്നിട്ടുണ്ട്. യുഎസ് സൈനിക ശക്തിയെ അതിശയോക്തിയോടെ ചിത്രീകരിക്കുന്ന ഈ വീഡിയോകളില്‍ ഇറാന്റെ ഭാഗത്തുണ്ടായ ആള്‍നാശത്തെക്കുറിച്ച് മൗനം പാലിക്കുന്നു. യുദ്ധത്തെ ഒരു ആഘോഷമായി ചിത്രീകരിക്കുന്നതിലൂടെ ആഭ്യന്തര പിന്തുണ ഉറപ്പാക്കാനാണ് വാഷിംഗ്ടണ്‍ ലക്ഷ്യമിടുന്നത്.യുദ്ധഭൂമിയിലെ മിസൈലുകളേക്കാള്‍ വേഗത്തില്‍ ഇരു രാജ്യങ്ങളും നുണപ്രചാരണങ്ങള്‍ പടച്ചുവിടുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ഇന്റർനെറ്റ് ഷട്ട്ഡൗണ്‍ ഒരു ‘യുദ്ധക്കുറ്റം’ ആണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തത് സിവിലിയന്മാരുടെ ജീവൻ അപകടത്തിലാക്കുന്നു. വരും ദിവസങ്ങളില്‍ ഈ വിവരസാങ്കേതിക യുദ്ധം കൂടുതല്‍ സങ്കീർണ്ണമാകാനാണ് സാധ്യത.