തെഹ്റാൻ: ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ തകർക്കുന്ന ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെട്ട് ഇസ്രായേല്‍ പ്രതിരോധ സേന (IDF) പുറത്തുവിട്ട വീഡിയോയില്‍ ഹെലികോപ്റ്റർ തകർക്കുന്ന ദൃശ്യം വ്യാജമെന്ന് ആരോപണം.ഇറാന്റെ Mi 17 ഹെലികോപ്റ്റർ തകർത്തു എന്നായിരുന്നു മാർച്ച് 4-ന് പുറത്തുവിട്ട വീഡിയോയിലെ അവകാശവാദം.

എന്നാല്‍ ഇൻഫ്രാറെഡ് ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അതൊരു യഥാർത്ഥ ഹെലികോപ്റ്ററല്ലെന്നും തറയില്‍ വരച്ചുചേർത്ത ചിത്രമാണെന്നുമാണ് സൈനിക നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.സ്ഫോടനത്തിന് ശേഷവും ഹെലികോപ്റ്ററിന്റെ ചിറകുകള് ഒരേ രൂപത്തില്‍ നിലനില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. യഥാർത്ഥ വിമാനമാണെങ്കില്‍ സ്ഫോടനത്തില്‍ അവ ചിന്നിച്ചിതറേണ്ടതായിരുന്നു. ഒരു ഇസ്രായേലി മിസൈലിന് ഏകദേശം 30 ലക്ഷം ഡോളർ ഏകദേശം 25 കോടി രൂപ വിലവരും.
എന്നാല്‍ ഏതാനും ഡോളറുകള്‍ മാത്രം ചെലവഴിച്ച് തറയില്‍ വരച്ചുചേർത്ത ചിത്രത്തിന് നേരെയാണ് ഈ മിസൈല്‍ പ്രയോഗിച്ചതെങ്കില്‍ അത് ഇസ്രായേലിന് വലിയ സാമ്പത്തിക നഷ്ടവും നാണക്കേടുമാണ്.ശത്രുസൈന്യത്തിന്റെ ഡ്രോണുകളെയും മിസൈലുകളെയും വഴിതെറ്റിക്കാൻ ഇറാൻ ഇത്തരം വ്യാജ നിർമ്മിതികള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. എങ്കിലും, വീഡിയോയിലെ ഹീറ്റ് സിഗ്നേച്ചറുകള്‍ ശ്രദ്ധിച്ചാല്‍ അത് പെയിന്റിംഗ് ആകാൻ സാധ്യതയില്ലെന്നും യഥാർത്ഥ വസ്തു തന്നെയാണെന്നും ഐഡിഎഫ് അനുകൂലികള്‍ വാദിക്കുന്നു. ഹെലികോപ്റ്ററിന്റെ നിഴലും മറ്റും ചിത്രങ്ങളില്‍ കൃത്രിമമായി നിർമ്മിക്കാൻ കഴിയില്ലെന്നാണ് ഇവരുടെ പക്ഷം. ഐഡിഎഫ് ഇതുവരെ ഈ വിവാദത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.