ടെഹ്‌റാന്‍: ഇറാന്‍ പ്രതിരോധ മന്ത്രി അമീര്‍ നാസിര്‍സാദെ, റെവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ മുഹമ്മദ് പക്പൂര്‍ എന്നിവര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ഇസ്രായേല്‍ സൈനിക നടപടികളുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ വാര്‍ത്ത പുറത്തുവന്നത്.

ഇന്ന് പുലര്‍ച്ചെ ടെഹ്റാനിലെ വിവിധയിടങ്ങളില്‍ ഇറാനിലെ മുതിര്‍ന്ന രാഷ്ട്രീയ-സുരക്ഷാ ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നതിനിടെയാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്. ഇറാന്‍ പരമോന്നത നേതാവ് ഖമേനിയുടെ ഉപദേശകനും മുന്‍ പ്രതിരോധ മന്ത്രിയുമായ അലി ഷംഖാനിയും ഇസ്രായേലിന്റെ ലക്ഷ്യപ്പട്ടികയില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ടെഹ്റാനിലെ ഒന്നിലധികം കേന്ദ്രങ്ങളില്‍ ഒരേസമയം ആക്രമണം നടത്തിയതായും, ഇതിന്റെ ഫലങ്ങള്‍ വിലയിരുത്തി വരികയാണെന്നും ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.’ഇസ്രായേലിനെ നശിപ്പിക്കാന്‍ പദ്ധതിയിട്ട പ്രമുഖ വ്യക്തികളെയാണ് ആദ്യഘട്ട ആക്രമണത്തില്‍ ഞങ്ങള്‍ ലക്ഷ്യം വെച്ചത്,’ എന്ന് ഒരു ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ആഘാതം വലുതാണെന്നും വരും ദിവസങ്ങളില്‍ സൈനിക നടപടികള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ തയ്യാറാണെന്നും ഇസ്രായേല്‍ അറിയിച്ചിട്ടുണ്ട്. ഇറാന്‍ ഔദ്യോഗികമായി ഈ മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.