ബെംഗളൂരു: മാസങ്ങൾ നീണ്ട അനിശ്ചിതാവസ്ഥയ്ക്കു ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ആരവം ഉയരും.ശനിയാഴ്ച ഇവിടെ നടക്കുന്ന ഐ.പി.എൽ. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ‌് ബെംഗളൂരു (ആർ.സി.ബി.) സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും സർക്കാർ നിർദേശിച്ചിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മത്സരം നടത്തുക. എ.പി.എൽ. ആദ്യഘട്ടത്തിൽ രണ്ട് മത്സരങ്ങളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്നത്.ഉദ്ഘാടന മത്സരം കൂടാതെ ഏപ്രിൽ അഞ്ചിന് നടക്കുന്ന കളിയിൽ ചെന്നൈ സൂപ്പർ കിങ്സിനെ (സി.എസ്.കെ.) നേരിടും.ട്വന്റി-20 ലോകകപ്പിൽ മികച്ച ഫോമിലായിരുന്ന സഞ്ജു സാംസൺ സി.എസ്.കെ.ക്ക് വേണ്ടി ഇറങ്ങുന്നതിനാൽ ബെംഗളൂരു മലയാളികൾ ഉദ്ഘാടന മത്സരത്തെക്കാൾ ആകാംഷയോടെ കാത്തിരിക്കുന്നത് ചിന്നസ്വാമിയിലെ രണ്ടാമത്തെ മത്സരത്തിന് വേണ്ടിയാണ്.രണ്ട് മത്സരങ്ങളുടെയും ടിക്കറ്റ് ബുക്കിങ് ഉടൻ ആരംഭിക്കുമെന്ന് ആർ.സി.ബി. അധികൃതർ അറിയിച്ചു. ആർ.സി.ബി.യുടെ ഔദ്യോഗിക വെബ്സൈറ്റും മൊബൈൽ ആപ്പും മുഖേന മാ ത്രമായിരിക്കും ടിക്കറ്റ് വിൽപ്പനയെന്നും വ്യക്തമാക്കി.
3750 രൂപ മുതൽ 65800 രൂപ വരെയായിരിക്കും ടിക്കറ്റ് നിരക്ക്.ഐ.പി.എൽ. ടിക്കറ്റെടുത്തവർക്ക് മത്സരം കാണുന്നതിന് മെട്രോ തീവണ്ടികളിൽ യാത്ര സൗജന്യമായിരിക്കും.ഇത് സംബന്ധിച്ച് ബി.എം. ആർ.സി.എല്ലുമായി ധാരണയായിട്ടുണ്ട്. ആദ്യ മത്സര ത്തിനായി ആർ.സി.ബി. ടീം പരിശീലനം ആരംഭിച്ചു കഴിഞ്ഞു.ആർ.സി.ബി.യുടെ ഐ.പി.എൽ. കിരീട നേട്ടത്തെ തുടർന്ന് ജൂൺ നാലിന് നടത്തിയ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുപ്പെട്ട് 11 പേർ മരിച്ച സംഭവത്തെ തുടർന്നാണ് ചിന്നസ്വാമി സ്റ്റേഡിയം അടച്ചിട്ടത്.പിന്നീട് ഇതുവരെ രാജ്യാന്തര മത്സരങ്ങൾ ഒന്നും നടത്തിയില്ല. ട്വന്റി-20 ലോകകപ്പ് മത്സരങ്ങൾക്കും പരിഗണിച്ചില്ല.എന്നാൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളോടെ ഐ.പി. എൽ. മത്സരങ്ങൾ നടത്താൻ കഴിഞ്ഞ ആഴ്ചയിലാണ് കർണാടക സർക്കാർ അനുമതി നൽകിയത്.നിലവിലെ ചാമ്പ്യന്മാരുടെ ഹോം ഗ്രൗണ്ട് എന്ന നിലയിലാണ് ഉദ്ഘാടന മത്സരം തന്നെ ഇവിടെ നടത്തുന്നത്. ഫൈനലും ഇവിടെ നടത്താൻ സാധ്യതയുണ്ട്