മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം.ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വാംഘഡെ സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം ആരംഭിക്കുക.മഹേന്ദ്ര സിങ് ധോണി നായകനല്ലാതെ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ കളിത്തിലേക്ക് എത്തുന്ന ആദ്യ മത്സരം കൂടിയായിരിക്കും ഇത്. കഴിഞ്ഞ ദിവസമാണ് ധോണി ചെന്നൈയുടെ നായകസ്ഥാനം ഒഴിഞ്ഞത്.
ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ടീമിന്റെ പുതിയ നായകന്.പരിക്കേറ്റ ദീപക് ചഹറിന്റെ അഭാവം ചെന്നൈക്ക് തിരിച്ചടിയാണ്. മെഗാ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയ്ക്കായിരുന്നു ചെന്നൈ ചഹറിനെ സ്വന്തമാക്കിയത്. ചഹറിന് പകരം യുവതാരം രാജ്വര്ധന് ഹങ്ങാര്‍ഗേക്കര്‍ ആദ്യ ഇലവനില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്.മറുവശത്ത് അടിമുടി മാറിയാണ് കൊല്‍ക്കത്ത എത്തുന്നത്. ഉജ്വല ഫോമിലുള്ള ശ്രേയസ് അയ്യരാണ് അവരുടെ ക്യാപ്റ്റന്‍. വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ തുടങ്ങിയ യുവതാരങ്ങളും അയ്യര്‍ക്ക് പിന്തുണയായി ടീമിലുണ്ട്. ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്, ടിം സൗത്തി തുടങ്ങിയവരാണ് ടീമിലെ പ്രമുഖ വിദേശ താരങ്ങള്‍.ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്ക് മുകളില്‍ ചെന്നൈയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഇതുവരെ 27 തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. 18 തവണയും ജയം ധോണിക്കും കൂട്ടര്‍ക്കുമൊപ്പമായിരുന്നു. എട്ട് കളികള്‍ കൊല്‍ക്കത്തയും ജയിച്ചു.