ഐപിഎല്‍ ചാമ്ബ്യൻമാരെ ഇന്നറിയാം. ഗുജറാത്ത് ടൈറ്റൻസ് കിരീടപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും.അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കിരീടപ്പോരാട്ടം തുടങ്ങുക. മാര്‍ച്ച് 31 ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്-ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തോടെയാണ് ഐപിഎല്‍ പതിനാറാം സീസണ് തുടക്കമായത്. 73 മത്സരങ്ങള്‍ക്ക് ശേഷം കിരീടോപ്പാരാട്ടത്തിന് ഇറങ്ങുമ്ബോള്‍ മുഖാമുഖം വരുന്നതും ഗുജറാത്തും ചെന്നൈയും തന്നെയെന്നത് യാദൃശ്ചികതയായി.സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് ജൈത്രയാത്ര തുടങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിലെത്തിയത് പോയന്‍റ് പട്ടികയില്‍ ഒന്നാമൻമാരായാണ്.
എന്നാല്‍ ചെപ്പോക്കില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ധോണിയും സംഘവും ഹാര്‍ദിക്കിന്‍റെ ഗുജറാത്തിനെ 15 റണ്‍സിന് വീഴ്ത്തി ഫൈനലുറപ്പിക്കുന്ന ആദ്യ ടീമായി. അഹമ്മദാബാദിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടം നിലനിര്‍ത്താനാണ് ടൈറ്റൻസ് ഇറങ്ങുന്നതെങ്കില്‍ അഞ്ചാം കിരീടം നേടി മുംബൈക്കൊപ്പമെത്തുകയെന്നതാണ് ചെന്നൈയുടെ ലക്ഷ്യം.16 കളിയില്‍ മൂന്ന് സെഞ്ച്വറിയോടെ 851 റണ്‍സെടുത്ത ശുഭ്മാൻ ഗില്ലായിരിക്കും ഫൈനലിലെ കേന്ദ്രബിന്ദു. ഗില്‍ ക്രീസില്‍ ഉള്ളിടത്തോളം ഗുജറാത്തിന് ഭയപ്പെടാനില്ല.
ഗില്ലിനെ വേഗത്തില്‍ പുറത്താക്കുകയും റുതുരാജ് ഗെയ്ക്‌വാദ് പരമാവധി സമയം ക്രീസില്‍ തുടരുകയുമാണ് ചെന്നൈ ആഗ്രഹിക്കുന്നത്. ഇവര്‍ക്കൊപ്പം ഒറ്റയ്ക്ക് കളിമാറ്റിമറിക്കാൻ ശേഷിയുള്ളവര്‍ ഇരുനിരയിലുമുണ്ട്.ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. ധോണിയുടെ ക്യാപ്റ്റൻസി മികവിലേക്ക് ചെന്നൈയും ആരാധകരും ഒരിക്കല്‍ക്കൂടി ഉറ്റുനോക്കുന്നു. ബാറ്റര്‍മാരെ തുണയ്ക്കുന്ന അഹമ്മദാബാദിലെ ശരാശരി സ്കോര്‍ 193 റണ്‍സാണ്. എട്ട് കളിയില്‍ അഞ്ചിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്താരെണെങ്കിലും ടോസ് വലിയ നിര്‍ണായക ഘടകമായേക്കില്ല.
ചെന്നൈയിലെ സ്ലോ പിച്ചില്‍ നിന്ന് അഹമ്മദാബാദിലെ ബാറ്റിംഗ് പറുദീസയിലെത്തുമ്ബോള്‍ ഇരു ടീമിന്‍റെയും ബാറ്റിംഗ് നിരയാകും നിര്‍ണായകമാകുക. ബാറ്റിംഗ് ബലാബലത്തില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമാണ്. ബൗളിംഗ് വൈവിധ്യത്തിലും ഒപ്പത്തിനൊപ്പമുണ്ടെങ്കിലും റാഷിദ് ഖാന്‍റെയും നൂര്‍ അഹമ്മദിന്‍റെയും മുഹമ്മദ് ഷമിയുടെയും സാന്നിധ്യം ഗുജറാത്തിന് നേരിയ മുന്‍തൂക്കം നല്‍കുന്നു. എങ്കിലും ധോണിയുടെ തന്ത്രങ്ങളുടെ മികവില്‍ ഈ കുറവ് മറികടക്കാന്‍ ചെന്നൈക്കാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
പുതിയ പാര്‍ലിമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് താരതമ്യം ചെയ്ത് ട്വീറ്റ്; ആര്‍ ജെ ഡി നടപടി വിവാദത്തില്‍
പാര്‍ലിമെന്റിന്റെ പുതിയ മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്‌തെുകൊണ്ടുള്ള വിവാദ ട്വീറ്റുമായി ആര്‍ ജെ ഡി.പുതിയ മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രവും നല്‍കിയുള്ളതാണ് ട്വീറ്റ്. ഇത് എന്താണ് എന്ന ചോദ്യത്തോടെയാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ട്വീറ്റ് വിവാദമായതിനു പിന്നാലെ ന്യായീകരണവുമായി പാര്‍ട്ടി രംഗത്തെത്തി. കുഴിച്ചുമൂടപ്പെടുന്ന ജനാധിപത്യത്തിന്റെ പ്രതീകമായാണ് ശവപ്പെട്ടിയുടെ ചിത്രം ട്വീറ്റ് ചെയ്തതെന്ന് ആര്‍ ജെ ഡി നേതാവ് ശക്തിസിങ് യാദവ് പ്രതികരിച്ചു.ഇത്തരത്തിലൊരു ട്വീറ്റിട്ട ആര്‍ ജെ ഡിക്കെതിരെ കേസെടുക്കണമെന്ന് ബി ജെ പി നേതാവ് സുശീല്‍ മോദിയും ആവശ്യപ്പെട്ടു. ആര്‍ ജെ ഡി നടപടിയെ വിമര്‍ശിച്ച് മറ്റ് നിരവധി പേരും രംഗത്തെത്തി.