കോഴിക്കോട് | കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എം ഡി എം എ, എല്‍ എസ് ഡി ഉള്‍പ്പെടെയുള്ള മാരക സിന്തറ്റിക് ഡ്രഗുകള്‍ വിതരണം ചെയ്യുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയാ സംഘത്തിന്‍്റെ തലവന്‍ പിടിയില്‍.നൈജീരിയക്കാരനായ ചാള്‍സ് ഒഫ്യൂഡിലിനെ(33)യാണ് നടക്കാവ് പോലീസ് ബെംഗളൂരുവില്‍ നിന്ന് സാഹസികമായി പിടികൂടിയത്.കോഴിക്കോട് കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഖാലിദ് അബാദി എന്നയാളില്‍ നിന്ന് 58 ഗ്രാം എം ഡി എം എ പിടിച്ചതുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് നേരത്തേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസന്വേഷണത്തെ തുടര്‍ന്നാണ് ചാള്‍സിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തേ ഘാന സ്വദേശിയെയും റെയില്‍വേ ജീവനക്കാരന് ഉള്‍പ്പെടെ മറ്റ് മൂന്ന് കോഴിക്കോട് സ്വദേശികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.നടക്കാവ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നടത്തിയ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് മയക്കുമരുന്ന് മാഫിയാ തലവനായ ചാള്‍സ് ഒഫ്യൂഡിലിനെ പിടികൂടിയത്.കോഴിക്കോട് സ്വദേശികളായ നാല് പ്രതികളാണ് വിദേശ സംഘങ്ങളില്‍ നിന്ന് എം ഡി എം എ ഉള്‍പ്പെടെ മൊത്തമായി വാങ്ങി കേരളത്തിലെ പല ജില്ലകളിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന്, ഇന്ത്യന്‍ റെയില്‍വേയില്‍ ഒലവക്കോട് സ്റ്റേഷനില്‍ ജോലി ചെയ്തുവരുന്ന റാശിദ് കെ എന്നയാളെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തു. അദ്നാന് എന്നയാളെ എറണാകുളത്ത് നിന്ന് ഹൈദരാബാദിലേക്ക് ടൂറിസ്റ്റ് ബസില്‍ രക്ഷപ്പെടുന്നതിനിടയില്‍ തന്ത്രപരമായ നീക്കത്തിലൂടെ ബസ് തടഞ്ഞ് നിര്‍ത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്.ഇവരെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഘാന സ്വദേശി വിക്ടര്‍ ഡി സാംബെയെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി റിസ്വാനെയും പിന്നീട് അറസ്റ്റ് ചെയ്തു.
വിക്ടര്‍ ഡി സാംബയുടെ കൂട്ടു പ്രതിയാണ് ഇപ്പോള്‍ അറസ്റ്റിലായ ചാള്‍സ് ഒഫ്യൂഡില്. ഇയാള്‍ മയക്കുമരുന്ന് കേസില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ബലപ്രയോഗത്തിലൂടെയാണ് പോലീസ് ചാള്‍സിനെ കീഴ്പ്പെടുത്തിയത്. പ്രതിയുടെ കൈയില്‍ നിന്ന് 55 ഗ്രാം എം ഡി എം എയും കച്ചവടത്തിനായി ഉപയോഗിച്ച സ്കൂട്ടറും അന്വേഷണസംഘം കണ്ടെടുത്തു.
നടക്കാവ് ഇന്‍സ്പെക്ടര്‍ ജിജീഷ് പി കെ, സബ് ഇന്‍സ്പെക്ടര്‍ കൈലാസ്നാഥ് എസ് ബി, കിരണ്‍ ശശിധര്‍, അസിസ്റ്റന്‍്റ് സബ് ഇന്‍സ്പെക്ടര്‍ ശശികുമാര്‍ പി കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം വി ശ്രീകാന്ത്, സജീവന് എം കെ, ഹരീഷ് കുമാര്‍ സി, ജിത്തു വി കെ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലെനീഷ് പി കെ, ബബിത്ത് കുറുമണ്ണില് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ഥിനിക്ക് നോറോ വൈറസ്
പെരിന്തല്‍മണ്ണ: ഏറ്റവും വേഗത്തില്‍ മറ്റുള്ളവരിലേക്ക് പകരുന്ന നോറോ വൈറസ് പെരിന്തല്‍മണ്ണയില്‍ ഹോസ്റ്റല്‍ വിദ്യാര്‍ഥിനിക്ക് സ്ഥിരീകരിച്ചു.സ്വകാര്യ പാരാമെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ഥിക്കാണ് വൈറസ് ബാധ. ഹോസ്റ്റലിലെ 55ഓളം വിദ്യാര്‍ഥികള്‍ നിരീക്ഷണത്തിലാണ്. ശനിയാഴ്ച മെഡിക്കല്‍ ക്യാമ്ബ് നടത്തി പത്തുപേരുടെ സാമ്ബിളെടുത്ത് ലാബിലേക്ക് അയച്ചു. വയറിളക്കവും വയറുവേദനയും പനിയുമാണ് വൈറസ് ബാധിച്ചാല്‍ ലക്ഷണം. ജില്ല ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു.
പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധന നടത്തിയതോടെയാണ് നോറോ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. ഏറ്റവും പെട്ടെന്ന് മറ്റുള്ളവരിലേക്ക് പകരുന്നതാണിതിന്റെ പ്രത്യേകതയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 308 വിദ്യാര്‍ഥികളാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്. വിദ്യാര്‍ഥികളെ അവിടെ തന്നെ താമസിപ്പിക്കാനും വീടുകളിലേക്ക് അയക്കാതിരിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രായമായവരിലേക്കും കുട്ടികളിലേക്കും പകരുന്നത് കൂടുതല്‍ അപകടമുണ്ടാക്കുമെന്നും ശരാശരി ആരോഗ്യമുള്ളവര്‍ക്ക് പ്രശ്നമില്ലെന്നും അധികൃതര്‍ പറഞ്ഞു