ദില്ലി: തിരക്കേറിയ റോഡിന്റെ നടുവിൽ മേശയും കസേരയുമിട്ട് മദ്യപിക്കുകയും വിമാനത്തിൽ പരസ്യമായി പുകവലിക്കുകയും ചെയ്ത യൂട്യൂബ് ഇൻഫ്ലുവൻസർക്കെതിരെ കേസ്. ഇൻസ്റ്റഗ്രാമിൽ ഏറെ ആരാധകരുള്ള ബോബി കതാരിയക്കെതിരെയാണ് ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തത്. ഡെറാഡൂണിലെ റോഡിലിരുന്നാണ് ഇയാൾ പരസ്യമായി മദ്യപിച്ചത്.
കസേരയിട്ട് ഇരുന്ന്, ടച്ചിങ്സും മദ്യവും വെക്കാനായി മേശയും വെച്ചാണ് ഇയാൾ മദ്യപിച്ചത്. ഇയാളുടെ പരസ്യ മദ്യപാനം കാരണം ഗതാഗതം ഏറെ നേരെ തടസ്സപ്പെട്ടിരുന്നു. ജൂലൈ 28നാണ് കതാരിയ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വ്യാപക വിമർശനത്തിന് കാരണമായി. ‘റോഡുകളിൽ ആസ്വദിക്കാനുള്ള സമയമാണിതെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
റോഡ് എന്റെ അച്ഛന്റെ വകയാണ് എന്ന ഗാനവും പശ്ചാത്തലത്തിൽ ഉൾപ്പെടുത്തി.ഐപിസി, ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കതാരിയക്കെതിരെ കേസെടുത്തതായി ഉത്തരാഖണ്ഡ് പൊലീസ് ഔദ്യോഗിക ഹാൻഡിലിൽ ട്വീറ്റ് ചെയ്തു. വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിച്ചതിന് കതാരിയക്കെതിരെ മറ്റൊരു കേസെടുത്തിട്ടുണ്ട്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിഷയത്തിൽ ഇടപെട്ടിരുന്നു.
ഇൻസ്റ്റാഗ്രാമിൽ 6.3 ലക്ഷം ഫോളോവേഴ്‌സുള്ളയാണ് കതാരിയ. കതാരിയ സ്പൈസ് ജെറ്റ് വിമാനത്തിനകത്ത് സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. സംഭവം അന്വേഷിച്ചുവരികയാണെന്നും ഇത്തരം അപകടകരമായ നടപടികൾ വച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എസ്ജി 706 വിമാനത്തിനുള്ളിലാണ് ഇയാൾ സിഗരറ്റ് കത്തിച്ചത്.
ഇയാൾക്കെതിരെ ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാർ പൊലീസ് സ്റ്റേഷനിൽ സ്‌പൈസ് ജെറ്റ് പരാതി നൽകി. യാത്രക്കാർ കയറുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. ഇയാളെ 15 ദിവസത്തേക്ക് വിമാനത്തിൽ കയറുന്നതിന് വിലക്കുകയും ചെയ്തു.