ബെംഗളൂരു: ഇന്നസെന്റിന്റെ ‘കാൻസർ വാർഡിലെ ചിരി’ക്ക് കർണാടകത്തിലും ആരാധകരുണ്ട്. കന്നഡ പരിഭാഷയായ ‘സാവിനെ മനെയ കദവതട്ടി കാൻസറിനെ ഹാസ്യഔഷധി എന്ന കൃതിയാണ് കന്നഡനാട്ടിലും ഇന്നസെന്റിന് ആരാധകരെ സൃഷ്ടിച്ചത്. ബെംഗളൂരു മലയാളിയായ മായ ബി. നായരാണ് പുസ്തകം മലയാളത്തിൽനിന്ന് കന്നഡയിലേക്ക് വിവർത്തനം ചെയ്തത്. ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ പുസ്തകത്തിന്റെ മൂന്നു പതിപ്പുകൾ വിറ്റഴിഞ്ഞു.
നാലാമത്തെ പതിപ്പ് ഉടൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.പ്രതിസന്ധികളെ എങ്ങനെ ധൈര്യത്തോടെ നേരിടാമെന്ന പാഠമാണ് പുസ്തകം മുന്നോട്ടുവെക്കുന്നതെന്ന് മായാ ബി. നായർ പറയുന്നു.ആദ്യവായനയിൽത്തന്നെ ഈ പുസ്തകം കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്യണമെന്ന തോന്നലുണ്ടായി. എന്നാൽ ഇന്നസെന്റിനെ മുമ്പ് പരിചയമില്ല. ഫോണിൽ ബന്ധപ്പെടാനുള്ള നമ്പറുമില്ല. പിന്നീടാണ് എം.പി.യായതിനാൽ പാർലമെന്റിന്റെ വെബ്സൈറ്റിൽനിന്ന് ഇന്നസെന്റിന്റെ നമ്പർ ലഭിക്കുമെന്ന വിവരം ലഭിച്ചത്. ആദ്യം വിളിച്ചപ്പോൾതന്നെ പുസ്തകം മൊഴിമാറ്റാൻ അനുമതി തരിച്ചു.
4.53 സെക്കൻഡാണ് അന്ന് ഫോണിൽ സംസാരിച്ചത്. ഈ സമയം അന്ന് ഡയറിയിൽ കുറിച്ചുവെച്ചിരുന്നു.2018 നവംബറിലായിരുന്ന പുസ്തകപ്രകാശനം. ഇന്നസെന്റാണ് പ്രകാശനം നിർവഹിച്ചത്. അതിവേഗമാണ് പുസ്തകം വിറ്റഴിഞ്ഞത്. എസ്. സുരേഷ് കുമാർ എം.എൽ.എ. ഉൾപ്പെടെയുള്ളവർ നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. പിന്നീട് പുസ്തകം കന്നഡിഗർ ഏറ്റെടുക്കുകയായിരുന്നുവെന്ന് മായ പറയുന്നു. കാഞ്ഞിരപ്പള്ളി കമ്പളക്കാട് സ്വദേശിയായ മായ ബി. നായർ കർണാടകത്തിലെ ജലസേചനവകുപ്പ് ജീവനക്കാരിയാണ്. ബെംഗളൂരു മാരുതി സേവാനഗറിലാണ് താമസം.
ബെംഗളൂരു : നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ യുവതിയെ നാട്ടുകാർ പിടികൂടി
ബെംഗളൂരു : നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ യുവതിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. മുൾബാഗൽ സ്വദേശിയും ബെംഗളൂരു ശിവാജിനഗറിലെ താമസക്കാരിയുമായ അയേഷ എന്ന നന്ദിനി (25) ആണ് പിടിയിലായത്.യുവതിയുടെ കൈവശമുണ്ടായിരുന്ന 42 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കലാശിപാളയയിലെ വീട്ടിൽനിന്ന് തട്ടിയെടുത്തതാണെന്ന് പോലീസ് കണ്ടെത്തി. കുഞ്ഞിനെ പിന്നീട് മാതാപിതാക്കൾക്ക് കൈമാറി.
നിരവധി മോഷണക്കേസുകളിൽ അയേഷ പ്രതിയാണെന്നും ഇവർക്കെതിരേ ബെംഗളൂരുവിലും മുൾബാഗലിലും നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.മഗഡി റോഡ് ബിന്നി മിൽസിന് സമീപത്തുവെച്ചാണ് നവജാത ശിശുവുമായി അയേഷയെ പ്രദേശവാസികൾ കണ്ടത്. കുഞ്ഞിനെ എടുക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള പരിചയക്കുറവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ അയേഷയെ ചോദ്യം ചെയ്യുകയായിരുന്നു.
പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വിശദമായി ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ കലാശിപാളയയിലെ വീട്ടിൽനിന്ന് തട്ടിയെടുത്തതാണെന്ന് യുവതി സമ്മതിച്ചത്.