ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ദിരാഭവൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം
കർണാടകത്തിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പശ്ചാത്തലത്തിൽ കോൺഗ്രസിന് അനുകൂലമായ ശക്തമായ അടിയൊഴുക്കുണ്ടെന്ന് രാഹുൽ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. അതിനാൽ, കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ട്. വിദ്വേഷവും അക്രമവുമാണ് ബി.ജെ.പി. രാജ്യത്തോട് ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാം. അതിനാൽ, ബി.ജെ.പി. യിൽനിന്നും ആർ.എസ്.എസിൽനിന്നും രാജ്യത്തെ പ്രതിരോധിക്കേണ്ടത് കോൺഗ്രസുകാരെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വമാണെന്നും രാഹുൽ പറഞ്ഞു.എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഷെട്ടാറിനെ വിമർശിച്ച് യെദ്യൂരപ്പ
ബെംഗളൂരു: ബി.ജെ.പി.യിൽനിന്ന് രാജിവെച്ച ജഗദീഷ് ഷെട്ടാറിനെ രൂക്ഷമായി വിമർശിച്ച് ബി.എസ്. യെദ്യൂരപ്പ രംഗത്തെത്തി.ഷെട്ടാറിന്റെ തീരുമാനം ജനങ്ങൾ പൊറുക്കില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. എല്ലാ സ്ഥാനമാനങ്ങളും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. എന്ത് അനീതിയാണ് പാർട്ടി അദ്ദേഹത്തോട് ചെയ്തിട്ടുള്ളത്.സീറ്റിനായി കുടുംബത്തിലെ ആരുടെയെങ്കിലും പേരുനിർേദശിക്കാൻ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതാണ്.
ഷെട്ടാർ കോൺഗ്രസിലേക്കുപോകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ പോകട്ടെ. കർണാടകത്തിൽ ബി.ജെ.പി. അധികാരത്തിൽ തിരിച്ചെത്തുന്നതിനെ തടയാൻ ഒരു ശക്തിക്കും കഴിയില്ല -യെദ്യൂരപ്പ പറഞ്ഞു.