ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ രുചികരമായ ഭക്ഷണം വിളമ്പാൻ കർണാടക സർക്കാർ നടപ്പാക്കുന്ന ഇന്ദിര കന്റീനുകൾ പുത്തൻ രുചിക്കൂട്ടുകൾ ഒരുക്കി മുഖം മിനുക്കുന്നു. മുൻ സിദ്ധരാമയ്യ സർക്കാരാണ് 2018ൽ കർണാടക സംസ്ഥാനത്ത് ഉടനീളം ഇന്ദിര കന്റീനുകൾ തുടങ്ങിയത്. ദക്ഷിണ കന്നഡ ജില്ലയിൽ 9 ഇന്ദിര കന്റീനുകൾ പ്രവർത്തിക്കുന്നു.ഇപ്പോൾ വീണ്ടും സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം ഇന്ദിര കന്റ്റീനുകളിലെ ഭക്ഷണം മെച്ചപ്പെടുത്താനും എണ്ണം കൂട്ടാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കന്റീനിൽ നൽകുന്ന വിഭവങ്ങളുടെ മെനുവിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 5 രൂപയ്ക്ക് പ്രഭാത ഭക്ഷണവും ഉച്ചയ്ക്കും വൈകുന്നേരവും 10 രൂപയ്ക്ക് ഊണും നൽകുന്നു.
ഓഗസ്റ്റ് ഒന്നു മുതൽ ഭക്ഷണ മെനു മാറി.രാവിലെ 5 രൂപയ്ക്ക് ഇഡ്‌ഡലിയും സാമ്പാറും നൽകും. 5 രൂപ അധികം നൽകിയാൽ ഓരോ ദിവസം ഓരോ അധിക വിഭവം നൽകും. ദോശ, ഉപ്പുമാവ്, കേസരി ബാത്ത്, ടൊമാറ്റോ ബാത്ത് എന്നിവ അധികം നൽകുന്നു. ഉച്ചയ്ക്ക് 10 രൂപയ്ക്ക് ഊൺ, സാമ്പാർ, അച്ചാർ, തോരൻ എന്നിവ നൽകും. 10 രൂപ അധിക നൽകിയാൽ ചപ്പാത്തിയും നൽകും. ഊണിൻ്റെ കൂടെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ പായസം, ഞായറാഴ്ച മോര് എന്നിങ്ങനെനൽകും.രാവിലെ 7.30 മുതൽ 10, ഉച്ചയ്ക്ക് 12.30 മുതൽ 3, വൈകുന്നേരം 5 മുതൽ 8 മണിവരെയാണ് കൻ്റീനിലെ സമയം.
രാവിലെയും ഉച്ചയ്ക്കും ഇരുനൂറിലധികം, വൈകുന്നേരം നൂറിലധികം എന്നിങ്ങനെ ദിവസം അഞ്ഞൂറിലധികം പേർ ഭക്ഷണം കഴിക്കാൻ എത്തുന്നു എന്ന് സുള്ള്യ ഇന്ദിര കന്റീൻ ജീവനക്കാർ പറയുന്നു. മംഗളൂരു കോർപറേഷൻ പരിധിയിൽ അഞ്ചും സുള്ള്യ, പുത്തൂർ, ബന്ത്വാൾ, ഉള്ളാൾ എന്നിവിടങ്ങളിൽ ഓരോന്നുവീതവും ഇന്ദിര കൻ്റീനുകൾ പ്രവർത്തിക്കുന്നു.