ബെംഗളൂരു: നഗരത്തിലെ സാധാരണക്കാർക്ക് കുറഞ്ഞചെലവിൽ ഭക്ഷണം നൽകിയിരുന്ന ഇന്ദിരാകാന്റീനുകൾ പുനരുജ്ജീവിപ്പിക്കാൻ സമഗ്ര പദ്ധതിയുമായി സർക്കാർ. കാന്റീനുകളുടെ നടത്തിപ്പിന് പുതിയ ടെൻഡർ വിളിക്കാനും കൂടുതൽ ഇന്ദിരാകാന്റീനുകൾ തുടങ്ങാനും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. കാന്റീനുകളുടെ നടത്തിപ്പ് ചെലവിന്റെ 50 ശതമാനം ഇനിമുതൽ സർക്കാർ വഹിക്കും. ബി.ബി.എം.പി. ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം.
കാന്റീനിൽനിന്ന് ലഭിക്കുന്ന ഭക്ഷണത്തിന് വില വർധിപ്പിക്കില്ലെന്നും യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കൃഷ്ണബൈരഗൗഡ, പ്രിയങ്ക് ഖാർഗെ, റഹിം ഖാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.മുൻ സിദ്ധരാമയ്യ സർക്കാരിന്റെകാലത്ത് നടപ്പിലാക്കിയ ജനപ്രിയ പദ്ധതികളൊന്നാണ് ഇന്ദിരാകാന്റീൻ. ആദ്യഘട്ടത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച കാന്റീനുകൾ സർക്കാർ മാറിയതോടെ പ്രതിസന്ധിയിലാകുകയായിരുന്നു. ബി.ജെ.പി. സർക്കാർ കാന്റീനുകളെ ഗൗനിക്കാതായതോടെ പലതും പൂട്ടി. പലതിന്റേയും പ്രവർത്തനം നാമമാത്രമായി.
അക്ഷയപാത്ര ഫൗണ്ടേഷൻ കാന്റീനുകളെ ഒരുഘട്ടത്തിൽ ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ഇവരും പിൻവാങ്ങുകയായിരുന്നു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇന്ദിരാകാന്റീനുകളുടെ പുനരുജ്ജീവനം.കാന്റീനുകളുടെ നടത്തിപ്പ് ചെവലിൽ 30 ശതമാനം സംസ്ഥാന സർക്കാറും 70 ശതമാനം തുക ബി.ബി.എം.പി.യാണ് വഹിച്ചിരുന്നത്. 50 ശതമാനം തുക നൽകാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചതോടെ കാന്റീനുകളുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
ഇതിനു പുറമേ പുതുതായി രൂപവത്കരിച്ച വാർഡുകളിൽ കാന്റീനുകൾ തുടങ്ങാനും തുക വകയിരുത്തും. നിലവിൽ 198 കാന്റീനുകളാണ് നഗരത്തിലുള്ളത്.അഞ്ചുരൂപയാണ് നേരത്തേ ഇന്ദിരാകാന്റീനുകളിൽ ഒരുനേരത്തേ ഭക്ഷണത്തിന് ഈടാക്കിയിരുന്ന നിരക്ക്. ഇതേ നിരക്കിൽ തന്നെ ഭക്ഷണം വിതരണം ചെയ്യാനാണ് തീരുമാനം. വടക്കൻ ജില്ലകളിലെ ഭക്ഷണരീതിക്കനുസരിച്ച് കൂടുതൽ വിഭവങ്ങൾ ലഭ്യമാക്കാനും പദ്ധതിയുണ്ട്.ഭക്ഷണത്തിന്റെ അളവ് കുറവാണെന്ന് നേരത്തേ പരാതികളുണ്ടായിരുന്നു.
വീണ്ടും കാന്റീനുകൾ സജീവമാകുമ്പോൾ ഈ പരാതികൾ പരിഹരിക്കും. ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ പ്രത്യേക സംവിധാനവുമുണ്ടാകും.കാന്റീനുകളുടെ നടത്തിപ്പിന് ബി.ബി.എം.പി.യുടെ എട്ടുസോണുകളിലും വെവ്വേറെ ടെൻഡർ ക്ഷണിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ ഭക്ഷണവിതരണത്തിന്റെ കാര്യക്ഷമത ഉയർത്താൻ കഴിയും.
മലപ്പുറത്ത് നേരിയ ഭൂചലനം
മലപ്പുറം | നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷമാണ് ഭൂചലനം. കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾ പറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. കാര്യമായ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ല. ഭയപ്പെടേണ്ടതില്ലെന്ന് റവന്യു വകുപ്പ് അധികൃതർ വ്യക്തമാക്കി.