മുംബൈ: ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സിയുടെ (e-RUPI) ഒന്നാംഘട്ട റീട്ടെയില്‍ സേവനത്തിന് പൈലറ്റ് (പരീക്ഷണ) അടിസ്ഥാനത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ നാല് നഗരങ്ങളില്‍ റിസര്‍വ് ബാങ്ക് തുടക്കമിടും.മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍.ഉപഭോക്താക്കളില്‍ നിന്നും വ്യാപാരികളില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്കാണ് (ക്ളോസ്ഡ് യൂസര്‍ ഗ്രൂപ്പ്/സി.യു.ജി) ആദ്യം സേവനം ലഭിക്കുക. നിലവിലെ രൂപാ നോട്ടുകളുടെയും നാണയങ്ങളുടെയും അതേമൂല്യമുള്ള ഡിജിറ്റല്‍ രൂപമാണ് e-RUPI. ഡിജിറ്റല്‍ റുപ്പിയുടെ ഹോള്‍സെയില്‍ (e₹-W) പൈലറ്റ് സേവനത്തിന് നവംബര്‍ ഒന്നിന് റിസര്‍വ് ബാങ്ക് തുടക്കമിട്ടിരുന്നു.
*ഡിജിറ്റല്‍ റുപ്പിയും ഉപയോഗവും-ബാങ്കുകള്‍ വഴിയാണ് ഡിജിറ്റല്‍ വാലറ്റുകളിലൂടെ റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സി വിതരണം ചെയ്യുകയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. മൊബൈല്‍ഫോണ്‍/ഡിജിറ്റല്‍ ഡിവൈസുകളില്‍ ഇവ സൂക്ഷിക്കാം. വ്യക്തികള്‍ തമ്മിലും (പി2പി) വ്യക്തികളും വ്യാപാരികളും തമ്മിലും (പി2എം) ഇടപാട് നടത്താം. കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്‌ത് പേമെന്റുകള്‍ നടത്താം.
ഡിജിറ്റല്‍ റുപ്പി അക്കൗണ്ടില്‍ സൂക്ഷിക്കുന്നതിന് ബാങ്കുകളില്‍ നിന്ന് പലിശയൊന്നും കിട്ടില്ല.*പദ്ധതിയില്‍ 8 ബാങ്കുകള്‍*എട്ട് ബാങ്കുകളെയാണ് റീട്ടെയില്‍ ഡിജിറ്റല്‍ റുപ്പിയുടെ വിതരണത്തിനായി റിസര്‍വ് ബാങ്ക് തിരഞ്ഞെടുത്തിട്ടുള്ളത്. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്‌റ്റ് ബാങ്ക് എന്നിവയാണ് ഒന്നാംഘട്ടത്തില്‍. അടുത്തഘട്ടത്തില്‍ ബാങ്ക് ഒഫ് ബറോഡ, യൂണിയന്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും ചേരും.
*വരുന്നൂ കൊച്ചിയിലേക്കും-ആദ്യഘട്ടത്തിലെ 4 നഗരങ്ങളിലെ ഒരുമാസത്തെ സേവനം വിലയിരുത്തി കോട്ടങ്ങള്‍ പരിഹരിച്ചും മികവുകള്‍ കൂട്ടിയും രണ്ടാംഘട്ടത്തില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് ഡിജിറ്റല്‍ കറന്‍സി എത്തിക്കും. അഹമ്മദാബാദ്, ഗാങ്ടോക്ക്, ഗുവാഹാട്ടി, ഹൈദരാബാദ്, ഇന്‍ഡോര്‍, ലക്‌നൗ, പാട്‌ന, ഷിംല എന്നിവയാണ് കൊച്ചിക്ക് പുറമേ അടുത്തഘട്ടത്തിലെ നഗരങ്ങള്‍.
*എന്താണ് ഡിജിറ്റല്‍ റുപ്പി?-സുരക്ഷിതത്വമോ നിയന്ത്രണമോ ഇല്ലാത്ത ക്രിപ്‌റ്റോകറന്‍സികള്‍ക്ക് തടയിടാനും പേമെന്റ് സേവനങ്ങള്‍ സജീവമാക്കാനും റിസര്‍വ് ബാങ്ക് ഒരുക്കുന്നതാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സി.ബി.ഡി.സി) എന്ന ഡിജിറ്റല്‍ റുപ്പി. ഡിജിറ്റല്‍ രൂപ (ഇ-രൂപ / ഇ-റുപ്പി ) രൂപയ്ക്ക് പകരമല്ല. നിലവിലെ പേമെന്റ് സംവിധാനങ്ങള്‍ തുടരും.ബ്ളോക്ക് ചെയിന്‍, ബിഗ് ഡേറ്റ തുടങ്ങിയ നൂതന സാങ്കേതിക സംവിധാനങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇ-റുപ്പി ഒരുക്കുന്നത്. ഹോള്‍സെയില്‍, റീട്ടെയില്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും മേല്‍നോട്ടമുണ്ടെന്നതാണ് മികവ്. ഉപയോഗിക്കാന്‍ ബാങ്ക് അക്കൗണ്ട് വേണ്ട.
മില്‍മ പാല്‍വില വര്‍ധന നാളെ മുതല്‍ പ്രാബല്യത്തിൽ
പാലക്കാട്: മില്‍മ പാല്‍ വിലവര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപയാണ് കൂടുക. മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിക്കുന്നത്.ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന നീല കവർ ടോണ്‍ഡ് മില്‍ക്കിന് 52 രൂപയാകും. 46 രൂപയായിരുന്നു ഇതിന്റെ പഴയവില. തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവയ്ക്കും വില കൂടും. ഇപ്പോഴത്തെ വിലയേക്കാള്‍ അഞ്ച് രൂപ മൂന്ന് പൈസയാണ് കൂടുതലായി കര്‍ഷകന് ലഭിക്കുക.
പാലിന്റെ ഗുണനിലവാരം അനുസരിച്ച് 38.40 രൂപ മുതല്‍ 43.50 രൂപ വരെ കര്‍ഷകന് ലഭിക്കും.അതേസമയം പാല്‍ വില കൂട്ടിയെങ്കിലും പ്രതീക്ഷിക്കുന്ന ലാഭം കിട്ടില്ലെന്ന് കര്‍ഷകരും ക്ഷീരസംഘം ഭാരവാഹികളും ആരോപിച്ചു. പാല്‍വിലയുടെ നേട്ടം പൂര്‍ണമായും ലഭ്യമാകുന്ന രീതിയിലല്ല ഗുണമേന്മ ചാര്‍ട്ട് രൂപപ്പെടുത്തിയതെന്നാണ് ആരോപണം. എന്നാല്‍ ഗുണമേന്മയുള്ള പാലിന് വില ലഭിക്കുന്ന തരത്തില്‍ തന്നെയാണ് ചാര്‍ട്ട് തയ്യാറാക്കിയതെന്ന് മില്‍മയും പ്രതികരിച്ചു.