മൊബൈൽ നമ്മുടെ ശശീരത്തിന്റെ ഒരു അവയവം പോലെ മാറുന്ന കാലഘട്ടത്തിലൂടെ ലോകം കടന്നുപോകുന്നത്. കോൾ ചെയ്യുക എന്നതിലുപരി മിക്കവരുടേയും ജോലി പോലും ഇപ്പോൾ മൊബൈലിനെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. അതിനെ സാധൂകരിക്കുന്ന കണക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 2021 ൽ ഇന്ത്യക്കാർ ദിവസത്തിൽ ശരാശരി 4 മണിക്കൂറും 42 മിനിറ്റും മൊബൈൽ സ്‌ക്രീനിൽ നോക്കിയിരിക്കുകയാണെന്നണ് പുതിയ സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കോവിഡിന് മുമ്പ് 2019 നേക്കാളും 27 ശതമാനം കൂടുതലാണ് ഈ കണക്കെന്നും അമേരിക്ക ആസ്ഥാനമായ ഡാറ്റ.എഐ എന്ന കമ്പനിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പോയ വർഷം ദിവസത്തിൽ ശരാശരി 3 മണിക്കൂറും 17 മിനിറ്റും ഇന്ത്യക്കാർ ടിവിക്ക് മുന്നിലായിരുന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം കഴിഞ്ഞ വർഷം മൊബൈൽ സ്‌ക്രീനിനു മുന്നിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് ബ്രസീലുകാരാണ്. ദിവസത്തിൽ ശരാശരി 5 മണിക്കൂറും 24 മിനിറ്റും ബ്രസീലുകാർ മൊബൈൽ ഉപയോഗിച്ചിരുന്നു. ഇന്ത്യൻ മൊബൈൽ വിപണിയിൽ 96 ശതമാനവും ആൻഡ്രോയിഡ് ഫോണുകളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. അതേസമയം ചൈനയിലും അർജന്റീനയിലും മൊബൈൽ ഉപയോഗം കുറഞ്ഞു. 2020 ൽ ഒരു ദിവസം ശരാശരി 3.5 മണിക്കൂർ ചൈനക്കാർ മൊബൈൽ സ്‌ക്രീനിന് മുന്നിൽ ചെലവഴിച്ചിരുന്നു. പക്ഷേ 2021 ൽ ഇത് 3.2 മണിക്കൂറായി കുറഞ്ഞു. അർജന്റീനയുടെ മൊബൈൽ ഉപഭോഗം 3.8 മണിക്കൂറിൽ നിന്ന് 3.6 മണിക്കൂറായി കുറഞ്ഞു.
ഡാറ്റ.എഐയുടെ കണക്ക് പ്രകാരം 1.2 ബില്യൺ വയർലെസ് കണക്ഷനുണ്ട്. 2021 ൽ കണക്ഷനുകളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. മറ്റൊരു രസകരമായ കണക്ക് കൂടി കമ്പനി പങ്കുവെക്കുന്നുണ്ട്. ഇന്ത്യക്കാർ പത്തു മിനിറ്റിൽ ഫോണിൽ ചെലവഴിച്ചാൽ അതിൽ 4 മിനിറ്റും 59 സെക്കൻഡും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുകയായിരിക്കും. മൂന്നു മിനിറ്റും 50 സെക്കൻഡും ഫോട്ടോ, വീഡിയോ, ഗെയിം, വിനോദ ആപ്പുകൾ ഉപയോഗിക്കാനായിരിക്കും ചെലവഴിക്കുക. 2021 ൽ മാത്രം ഇന്ത്യയിൽ പുതിയ 2 മില്യൺ ആപ്പുകളും ഗെയിംമുകളും പ്ലേസ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ കൂട്ടിച്ചേർക്കപ്പെട്ടതായും ഡാറ്റ.എഐയുടെ കണക്ക് വ്യക്തമാക്കുന്നു.