അയർലൻഡിലെ പ്രമുഖ സർവ്വകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് ഗാല്‍വേയിലെ ഫുഡ് ബാങ്കിനെക്കുറിച്ച് ഐറിഷ് ടൈംസ് പ്രസിദ്ധീകരിച്ച ഒരു വാർത്തയും അതിനോടൊപ്പമുള്ള ചിത്രവുമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.ഭക്ഷണസാധനങ്ങളുടെ കുറവ് മൂലം ആഴ്ചതോറും നൂറുകണക്കിന് വിദ്യാർത്ഥികളെ ഫുഡ് ബാങ്കില്‍ നിന്നും മടക്കി അയക്കേണ്ടി വരുന്നു എന്നായിരുന്നു വാർത്ത. എന്നാല്‍, ഇതിനൊപ്പം നല്കിയ ചിത്രത്തില്‍ ക്യൂ നില്ക്കുന്നവരിലധികവും ഇന്ത്യൻ വിദ്യാർത്ഥികളാണെന്നതാണ് പ്രതിഷേധത്തിന് കാരണമായത്.ഫെബ്രുവരി 21 -ന് പുറത്തുവന്ന ഈ ചിത്രം എക്സ് (ട്വിറ്റർ) ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള ഇത്തരം പദ്ധതികള്‍, മികച്ച സാമ്പത്തിക പശ്ചാത്തലമുള്ള വിദേശ വിദ്യാർത്ഥികള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പലരും ആരോപിച്ചു. അയർലൻഡില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികള്‍ക്ക് അവിടെ ജീവിക്കാനുള്ള മതിയായ സാമ്പത്തിക ശേഷിയുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിസ അനുവദിക്കുന്നത്. എന്നിട്ടും എന്തിനാണ് ഇവർ സൗജന്യ ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്നത് എന്നാണ് വിമർശകർ ചോദിക്കുന്നത്.’ക്യൂ നില്ക്കുന്നവരില് 90 ശതമാനവും ഇന്ത്യൻ വിദ്യാർത്ഥികളാണ്. സ്വന്തമായി ജീവിക്കാൻ വകയില്ലാത്തവർ എന്തിനാണ് അയർലൻഡിലേക്ക് വരുന്നത്, അതോ പണം ലാഭിക്കാനുള്ള തന്ത്രമാണോ ഇത്?’ എന്ന് ഒരാള്‍ എക്സില്‍ കുറിച്ചു. അർഹരായ ഐറിഷ് വിദ്യാർത്ഥികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വിദേശികള്‍ തട്ടിയെടുക്കുന്നത് ഇത്തരം സേവനങ്ങളുടെ വിശ്വാസ്യത തകർക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു.അതേസമയം, ഐറിഷ് ടൈംസ് വാർത്തയില്‍ ഒരിടത്തും ഇന്ത്യൻ വിദ്യാർത്ഥികളാണ് ഫുഡ് ബാങ്കിലെ പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞിട്ടില്ല. രാജ്യത്തെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് മൂലം എല്ലാ വിഭാഗം വിദ്യാർത്ഥികളും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഗാല്‍വേ സർവ്വകലാശാലയില്‍ ഉപരിപഠനത്തിനായി എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വളരെ കൂടുതലാണ് എന്നതും ഇത്തരമൊരു ചിത്രത്തിന് കാരണമായിട്ടുണ്ടാകാം.