ടൊറന്റോ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി കാർത്തിക് വാസുദേവ് (21) ആണ് മരിച്ചത്. ഒന്നിലേറെ തവണ വെടിയേറ്റ കാർത്തികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വ്യാഴാഴ്ച വൈകുന്നേരം ഷെർബോൺ സബ് വേ സ്റ്റേഷന് സമീപമാണ് സംഭവം ഉണ്ടായത്. പാർട്ട് ടൈം ആയി ജോലി ചെയ്യുന്ന റെസ്റ്റോറന്റിലേക്ക് പോകുന്ന വഴിയിലാണ് കാർത്തികിന് വെടിയേറ്റത്. ജനുവരിയിലാണ് കാർത്തിക് പഠനത്തിനായി കാനഡയിൽ എത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥിയുടെ മരണത്തിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അനുശോചനം രേഖപ്പെടുത്തി. കുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും നൽകുമെന്നും ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.