ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ രണ്ടാം സ്ഥാനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു കരസ്ഥമാക്കി. ഐഐടി മദ്രാസ് ആണ് ഒന്നാമത് . തുടർച്ചയായ നാലാം വർഷമാണ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഐഐടി മദ്രാസ് എത്തുന്നത്. ഐഐടി ബോംബെയാണ് മൂന്നാം സ്ഥാനത്ത്.
എൻജിനീയറിങ് പഠന സ്ഥാപനങ്ങളുടെ പതിപ്പിങ്ങിലും ഐഐടി മദ്രാസ് തന്നെയാണ് മുന്നിലെത്തിയിരിക്കുന്നത്. രാജ്യത്തെ മികച്ച പത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏഴെണ്ണവും ഐഐടികളാണ്. ഒമ്പതാം സ്ഥാനത്ത് ഡൽഹി എയിംസും പത്താം സ്ഥാനത്ത് ജെഎൻയുവും ആണ്.
മെഡിക്കൽ വിഭാഗത്തിൽ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഒന്നാം സ്ഥാനം സ്വന്തമാക്കി. സർവകലാശാല വിഭാഗത്തിലും ഗവേഷണ കേന്ദ്രങ്ങളിലും ഐഎസ്സിയാണ് ഒന്നാമത്.
ആർക്കിടെക്ചർ പഠനസ്ഥാപനങ്ങളിൽ കോഴിക്കോട് എൻഐടി രണ്ടാം റാങ്കും മെഡിക്കൽ മാനേജ്മെന്റ് പഠനസ്ഥാപനങ്ങളിൽ കോഴിക്കോട് ഐഐഎം അഞ്ചാം സ്ഥാനവും നേടി. മാനേജ്മെന്റ് പഠനത്തിൽ ഐഐഎം അഹമ്മദാബാദ് ആണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.
നിയമപഠനത്തിൽ ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയും മെഡിക്കൽ സ്ഥാപനങ്ങളിൽ ഡൽഹി എയിംസ്, ഫാർമസി വിഭാഗത്തിൽ ഡൽഹി ജാമിയ ഹംദർദ്, ഡെന്റൽ കോളേജുകളിൽ ചെന്നൈ സവിത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസസ് എന്നിവ ഒന്നാമതെത്തി. കോളേജുകളിൽ ഡൽഹി മിറാൻഡ ഹൗസ് ആണ് ഒന്നാമത്.