കീവ്: ഏതു നിമിഷവും ഉക്രെയാനെ റഷ്യ ആക്രമിക്കുമെന്ന വിധത്തിലുള്ള നീക്കങ്ങളാണ് നടക്കുന്നത്. യുദ്ധം ആസന്നമെന്ന തിരിച്ചറിവില്‍ ഇന്ത്യന്‍ സര്‍ക്കാറും നടപടികള്‍ സ്വീകരിച്ചു തുടങ്ങി. യുദ്ധഭീതി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം മടങ്ങണമെന്ന് കൈവിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു. ഉക്രെയ്‌നില്‍ 25000 ലധികം ഇന്ത്യക്കാരാണുള്ളത്. വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം മടങ്ങണമെന്നും എംബസി അറിയിച്ചു. ഉക്രെയ്‌നില്‍ എവിടെയാണുള്ളതെന്ന് അറിയിക്കണമെന്നും എംബസി അഭ്യര്‍ത്ഥിച്ചു.
12 രാജ്യങ്ങള്‍ ഉക്രെയ്‌നില്‍നിന്ന് പൗരന്മാരെ പിന്‍വലിച്ചു തുടങ്ങിയിരിക്കുന്നത്. ഇക്കൂട്ടത്തിലാണ് ഇന്ത്യന്‍ നടപടിയും. അതിനിടെ, റഷ്യക്ക് പിന്തുണ നല്‍കുന്ന ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസ്. പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബിയാണ് ചൈനക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്. റഷ്യക്ക് ചൈന നല്‍കുന്ന പിന്തുണ യൂറോപ്പിലെ സുരക്ഷാ സാഹചര്യത്തെ കൂടുതല്‍ അസ്ഥിരപ്പെടുത്തുന്നതാണെന്ന് കിര്‍ബി പറഞ്ഞു. അതേസമയം, ഉക്രെയ്ന്‍ ആക്രമിക്കണമോ എന്ന കാര്യത്തില്‍ റഷ്യന്‍ നേതാവ് വ്‌ലാഡിമിര്‍ പുടിന്‍ അന്തിമ തീരുമാനമെടുത്തതായി വിശ്വസിക്കുന്നില്ലെന്ന് അമേരിക്ക അറിയിച്ചു. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ചൊവ്വാഴ്ച യൂറോപ്പിലേക്ക് പോകാന്‍ പദ്ധതിയിടുന്നതായി പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബ്രസ്സല്‍സിലെ നാറ്റോ ആസ്ഥാനത്ത് ഓസ്റ്റിന്‍ യോഗങ്ങള്‍ നടത്തുകയും പോളണ്ട് സന്ദര്‍ശിക്കുകയും ചെയ്യും. അവിടെ 3,000 സൈനികരെ കൂടി വിന്യസിക്കാന്‍ അമേരിക്ക പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. റഷ്യ അന്തിമ തീരുമാനം എടുത്തതായി വിശ്വസിക്കുന്നില്ലെന്നും സൈനിക നടപടി ഏതു ദിവസവും സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രെയ്ന്‍ -റഷ്യ സംഘര്‍ഷത്തില്‍ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രെയ്ന്‍ ആക്രമിച്ചേക്കും എന്ന് അറിയിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് രംഗത്ത്. ഫേസ്‌ബുക്കിലൂടെയാണ് ഈ കാര്യം പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചത്. എന്നാല്‍ ഈ വിവരം എവിടെ നിന്ന് ലഭിച്ചു, ആര് പറഞ്ഞുവെന്ന് പ്രസിഡന്റ് വ്യക്തമാക്കുന്നില്ലെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍.ബി.സി ന്യൂസ് പറയുന്നു.
‘ഫെബ്രുവരി 16 ആക്രമണത്തിന്റെ ദിവസമായിരിക്കും എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്’ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി വ്യക്തമാക്കുന്നത് ഇത്ര മാത്രമാണ്. യുക്രെയ്‌നെ ആക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് നേരിട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഉക്രൈയ്ന്‍ തലസ്ഥാനം ലക്ഷ്യമാക്കി നീങ്ങുന്ന സൈന്യം, സെലന്‍സ്‌കി സര്‍ക്കാരിനെ പുറത്താക്കി റഷ്യയുടെ ഒരു പാവ സര്‍ക്കാരിനെ ഭരണമേല്‍പിച്ച് മടങ്ങും എന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്. കിഴക്കന്‍ ഉക്രെയിനില്‍ കേന്ദ്രീകരിക്കുന്നതിനു മുന്‍പായി റഷ്യന്‍ സൈന്യം ബെലാറസില്‍ നിന്നും ക്രീമിയയില്‍ നിന്നുമായിരിക്കും ഉക്രെയിന്‍ അതിര്‍ത്തി കടക്കുക. കിഴക്കന്‍ അതിര്‍ത്തിയില്‍ തമ്ബടിച്ചിരിക്കുന്ന ഉക്രെയിന്‍ പട്ടാളം തലസ്ഥാനം സംരക്ഷിക്കുവാനായി പോകാതിരിക്കാനാണ് ഇത്തരത്തില്‍ ഒരു തന്ത്രം മെനഞ്ഞിരിക്കുന്നത്.
ഇത്തരത്തില്‍ ഒരു ആക്രമണം ആസൂത്രണം ചെയ്യുമ്ബോള്‍ സൈനിക നീക്കത്തിന്റെ വേഗത ഇതില്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ വളരെ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഭാരം കുറഞ്ഞ വാഹനങ്ങളും ആയുധശേഖരവുമായിരിക്കും റഷ്യ ഉപയോഗിക്കുക. നിലവില്‍ 1,30,000 സൈനികരാണ് റഷ്യന്‍ അതിര്‍ത്തിയില്‍ ഉള്ളത്. 20,000 സൈനികര്‍ കൂടി ഇവരോട് ചേരും എന്നും അറിയുന്നു.
ഇത്രയധികം സൈനിക വിന്യാസം അതിര്‍ത്തിയില്‍ നടത്തുന്നത് ആശങ്കയുളവാക്കുന്നതാണ്, ഒരു ആക്രമണം ഉദ്ദേശിച്ചല്ലെങ്കില്‍ ഇവിടെ ഇത്രയധികം സൈനികരുടെ ആവശ്യമില്ല എന്നാണ് യുദ്ധതന്ത്രജ്ഞര്‍ പറയുന്നത്. കരസൈന്യത്തോടൊപ്പം നാവിക സേനയും വ്യോമസേനയും തയ്യാറെടുത്തു നില്‍ക്കുകയാണ്. സൈനിക നീക്കത്തിനുള്ള വാഹങ്ങളും മറ്റും സജ്ജമായി കഴിഞ്ഞു. തൊട്ടുപുറകില്‍ മെഡിക്കല്‍ സംഘവും തയ്യാറെടുത്തിട്ടുണ്ട്.
അറ്റ്‌ലാന്റിക് സമുദ്രത്തിലും, കരിങ്കടലിലും മെഡിറ്ററേനിയന്‍ സമുദ്രത്തിലും റഷ്യന്‍ നാവിക സേന ഏത് പ്രതിസന്ധിയും നേരിടാന്‍ സുസജ്ജമായി നില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എല്ലാ വിഭാഗം സൈനികരുടെയും അവധികള്‍ റദ്ദാക്കി ഏത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഉത്തരവും നല്‍കിക്കഴിഞ്ഞു. റഷ്യയുടെ മൊത്തം സൈനിക ശക്തിയുടെ 60 ശതമാനത്തോളം കരയിലും ജലത്തിലും ആകാശത്തിലുമായി ഉക്രെയിന്‍ ലക്ഷ്യമിട്ട് നിലയുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.