ന്യൂഡെല്‍ഹി: രാജ്യത്ത് ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കും.പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പെടുത്തിയ ആദ്യ രാജ്യം ബംഗ്ലാദേശാണ്. 2002ല്‍ ആയിരുന്നു അത്. അതിന് ശേഷം മറ്റ് രാജ്യങ്ങളും പരിസ്ഥിതി സംരക്ഷണത്തില്‍ തങ്ങളുടെ നടപടികള്‍ ശക്തമാക്കുകയും സമാനമായ നിരോധനങ്ങളോ നിയന്ത്രണങ്ങളോ ഏര്‍പെടുത്തുകയും ചെയ്തു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിന്റെ ഉല്‍പാദനവും ഉപയോഗവും ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച ചില രാജ്യങ്ങളുമുണ്ട്.
2030-ഓടെ പ്ലാസ്റ്റികിന്റെ ഉപയോഗം നിര്‍ത്തലാക്കുമെന്ന് ഈ വര്‍ഷം മാര്‍ച് രണ്ടിന് 170 രാജ്യങ്ങള്‍ പ്രതിജ്ഞയെടുത്തു. കെനിയയിലെ നെയ്റോബിയില്‍ നടന്ന യുഎന്‍ പരിസ്ഥിതി അസംബ്ലിയില്‍ ഇന്‍ഡ്യയും പങ്കെടുത്തിരുന്നു. ആഗോള താപനത്തിന് വന്‍തോതില്‍ കാരണമാകുന്നത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികുകളാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിന് നിരോധനം ഏര്‍പെടുത്തണമെന്ന് ഇന്‍ഡ്യയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സാഹചര്യം കണക്കിലെടുത്ത് ഉപയോഗം തുടരുകയാണ്. ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും ബദല്‍ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട്, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിന് പൂര്‍ണമായോ ഭാഗികമായോ നിരോധനം കൊണ്ടുവരുന്നതില്‍ 80 രാജ്യങ്ങള്‍ വിജയിച്ചു. ഇതില്‍ 30 രാജ്യങ്ങള്‍ ആഫ്രികന്‍ ഭൂഖണ്ഡത്തിലാണ് എന്നത് ശ്രദ്ധേയമാണ്.
ഉഗാണ്ട, ദക്ഷിണാഫ്രിക, മലാവി, എത്യോപ്യ, റുവാണ്ട തുടങ്ങിയ രാജ്യങ്ങള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും നിരോധിക്കുന്നതിനുമായി കര്‍ശനമായ നയങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. 2017-ല്‍ കെനിയ കൊണ്ടുവന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കുള്ള നിരോധനം ലോകത്തിലെ ഏറ്റവും കര്‍ശനമായ നിരോധനമായി കണക്കാക്കപ്പെടുന്നു. നിരോധനത്തോടെ, പ്ലാസ്റ്റിക് സഞ്ചികള്‍ കാരണം അടയുന്ന ഡ്രെയിനേജ് സംവിധാനങ്ങള്‍ മൂലമുണ്ടാകുന്ന കടുത്ത വെള്ളപ്പൊക്കം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കെനിയന്‍ സര്‍കാര്‍ ലക്ഷ്യമിടുന്നത്.
2008-ല്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പെടുത്തിയ മറ്റൊരു ആഫ്രികന്‍ രാജ്യമാണ് റുവാണ്ട. അതിര്‍ത്തിയില്‍ ലഗേജുകള്‍ പരിശോധിക്കുന്ന കര്‍ശനമായ നയങ്ങള്‍ സ്വീകരിച്ചു. പ്ലാസ്റ്റിക് കണ്ടെത്തിയാല്‍ അധികാരികള്‍ പിടിച്ചെടുക്കും. കുറ്റവാളികള്‍ക്ക് പിഴയോ ജയില്‍ ശിക്ഷയോ വരെ ലഭിക്കാം.
പ്ലാസ്റ്റിക് ബാഗുകള്‍ കൂടാതെ, മറ്റ് അപകടകരമായ പ്ലാസ്റ്റിക് മാലിന്യങ്ങളും ക്രമേണ നിരോധിക്കുന്ന ചില രാജ്യങ്ങളുണ്ട്. ബ്രിടന്‍ പ്ലാസ്റ്റിക് സ്‌ട്രോകളും ബാഗുകളും നിരോധിച്ചപ്പോള്‍, സൗന്ദര്യവര്‍ധക വസ്തുക്കളിലും വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങളിലും പ്ലാസ്റ്റിക് മൈക്രോ ബീഡുകള്‍ നിരോധിച്ചു. വ്യാപാരികളുടെ എതിര്‍പ്പുകളെയും ഉപഭോക്താക്കളുടെ ആവശ്യത്തെയും കരുതിയാണ് ഇന്‍ഡ്യയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം നീണ്ടുപോയത്.