ദുബായ്: ദുബായ് എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍)The Global Entrepreneurship Monitor) റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ഏറ്റവും എളുപ്പമുള്ള നാലു രാജ്യങ്ങളിലൊന്നായി ഇന്ത്യയെ തെരഞ്ഞെടുത്തു.സംരംഭക പ്രവര്‍ത്തനങ്ങള്‍, സംരംഭത്തോടുള്ള മനോഭാവം, അവരുടെ പ്രാദേശിക സംരംഭക ആവാസവ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ സര്‍വേയില്‍, ഇന്ത്യയില്‍ ഒരു ബിസിനസ്സ് ആരംഭിക്കുന്നത് എളുപ്പമാണെന്ന് 82% പേരു പറഞ്ഞു.
സൗദി അറേബ്യയും നെതര്‍ലാന്‍ഡ്‌സും സ്വീഡനുമാണ് ഇന്ത്യയക്ക് മുന്നിലുള്ള രാജ്യങ്ങള്‍.ലോകത്തെ 47 ഓളം പ്രമുഖ സാമ്ബത്തിക ശക്തികള്‍ക്കിടയില്‍ 2000 ത്തിലേറെ പേരില്‍ നിന്നായി അഭിപ്രായം തേടിയ റിപ്പോര്‍ട്ട് ദുബയ് എക്‌സ്‌പോയിലാണ് പ്രസിദ്ധീകരിച്ചത്. സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം പേരും ഇന്ത്യയില്‍ വളരെ എളുപ്പത്തില്‍ ബിസിനസ് തുടങ്ങാന്‍ കഴിയുമെന്നാണ് അഭിപ്രായപ്പെട്ടത്. പ്രാദേശിക സംരംഭകത്വ സാഹചര്യം, സംരംഭകത്വ പ്രവര്‍ത്തനം, സംരംഭകരോടുള്ള മനോഭാവം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളോടാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്.
ഇന്ത്യയില്‍ ബിസിനസ് തുടങ്ങാന്‍ വളരെയേറെ സാധ്യതകളുണ്ടെന്നാണ് ഭൂരിഭാഗം അഭിപ്രായപ്പെട്ടത്.ലോകത്തെ കുറഞ്ഞ വ്യക്തിഗത വരുമാനമുള്ള രാജ്യങ്ങളില്‍ എളുപ്പത്തില്‍ ബിസിനസ് തുടങ്ങാനാവുന്ന ഒന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ബിസിനസ് തുടങ്ങാനുള്ള സാമ്ബത്തിക സഹായം, സര്‍ക്കാര്‍ നയം, ബിസിനസിനുള്ള പിന്തുണ, നികുതിയും നടപടിക്രമങ്ങളും, സര്‍ക്കാരിന്റെ സംരംഭകത്വ പദ്ധതികള്‍ തുടങ്ങിയവയെല്ലാം പുതുസംരംഭകര്‍ക്ക് സഹായകരമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കൊവിഡിനെ തുടര്‍ന്ന് ബിസിനസില്‍ മാറ്റം വരുത്തിയ സംരംഭകരില്‍ ഇന്ത്യ ഒന്നാമതാണ്. 77 ശതമാനം ഇന്ത്യന്‍ സംരംഭകരും ഇത്തരത്തില്‍ ബിസിനസില്‍ മാറ്റം വരുത്തി. പട്ടികയില്‍ ഉള്‍പ്പെട്ട 47 രാജ്യങ്ങളില്‍ 15 ഇടത്തും കൊവിഡ് കാലം പുതിയ അവസരങ്ങള്‍ തുറന്നതായാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.