Home Featured ഇ കോമേഴ്‌സ്: കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം; ഫ്‌ലാഷ് സെയിലുകള്‍ നിരോധിക്കും

ഇ കോമേഴ്‌സ്: കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം; ഫ്‌ലാഷ് സെയിലുകള്‍ നിരോധിക്കും

by മാഞ്ഞാലി

ന്യൂഡല്‍ഹി: വ്യാപക തട്ടിപ്പ് നടമാടുന്ന ഇ കൊമേഴ്‌സ് മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്രം. ഈ മേഖലയിലെ ഓണ്‍ലൈന്‍ തട്ടിപ്പിനെ പിടിച്ചുകെട്ടുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പുതിയ ഇ കോമേഴ്‌സ് നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. തിങ്കളാഴ്ച പുറത്തിറക്കിയ നിയമങ്ങളുടെ കരട് പ്രകാരം,ഫ്‌ലാഷ് സെയില്‍, ഓര്‍ഡര്‍ ചെയ്ത ഉത്പന്നം നല്‍കാതിരിക്കല്‍ എന്നിവക്കെതിരെ നടപടി സ്വീകരിക്കുന്നതുള്‍പ്പടെയുള്ള പരിഷ്‌കാരങ്ങളാകും നടപ്പാക്കുക. ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും.

ഫ്‌ലാഷ് സെയിലുകള്‍ക്ക് നിരോധനം വരും. അതിനൊപ്പം കൃത്യസമയത്ത് ഉപയോക്താവ് ഓഡര്‍ ചെയ്ത വസ്തു എത്തിച്ചില്ലെങ്കില്‍ ഇകോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ശിക്ഷ നേരിടേണ്ടിവരും. ഫുഡ് ആന്റ് കണ്‍സ്യൂമര്‍ അഫേഴ്‌സ് മന്ത്രാലയമാണ് പുതിയ നിയമത്തിനായുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

ഓണ്‍ലൈന്‍ വിപണന രംഗത്തെ സുതാര്യത ഉറപ്പുവരുത്തുക, സ്വതന്ത്രവും നീതിയുക്തവുമായ മത്സരം പ്രോത്സാഹിപ്പിക്കുക, ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായി ഉപഭോക്തൃകാര്യമന്ത്രാലയമാണ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നത്.

പ്രത്യേക ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്ന ഫഌഷ് സെയിലുകള്‍ക്കായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരമില്ലാതാക്കുന്ന അധിക ഡിസ്‌കൗണ്ട് വില്‍പന ഇതോടെ ഇല്ലാതാകും.

2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ചീഫ് കംപ്ലെയിന്‍സ് ഓഫീസര്‍മാരെ നിയമിക്കണമെന്നും കരടില്‍ പറയുന്നുണ്ട്. പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായികൂടിയാണ്.

സര്‍ക്കാര്‍ പുറത്തിറക്കിയ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (ഇകോമേഴ്‌സ് റൂള്‍)2020 കരടുചട്ടങ്ങള്‍ക്ക് അടുത്ത മാസം 6 വരെ ഭേദഗതികള്‍ നിര്‍ദേശിക്കാം. ഇകോമേഴ്‌സ് സൈറ്റുകളില്‍ ക്രമസമാധാന സംവിധാനങ്ങളുമായി 24 മണിക്കൂറും ബന്ധം സ്ഥാപിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് പുതിയ നിര്‍ദേശങ്ങള്‍ പറയുന്നുണ്ട്.

ഉപഭോക്താവിന് നല്‍കുന്ന ഉല്പന്നത്തിന്റെ കാലാവധി വ്യക്തമാക്കണം. ഉല്‍പന്നം ഏതു രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്തതെന്നു വ്യക്തമാക്കണം. സേവനത്തിലുണ്ടാകുന്ന പോരായ്മയ്ക്ക് ഇ കൊമേഴ്‌സ് സംരംഭം ഉത്തരവാദി ആയിരിക്കും തുടങ്ങിയവയും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

ഉപഭോക്തൃ സംരക്ഷണ(ഇകൊമേഴ്‌സ്)നിയമം 2020 ഭേദഗതി കരട് പ്രകാരം ജൂലായ് ആറിനകം js-ca@nic.in എന്ന ഇമെയിലില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group