ബംഗളൂരു :ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ ഭാര്യ ചെന്നമ്മയുടെ വസ്തുവകകൾ സംബന്ധിച്ച് വിശദാംശങ്ങൾ ഹാജരാക്കാൻ ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചു. മുൻ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കാണു നോട്ടിസ് നൽകിയിരിക്കുന്നതും ഇതു ദളിനെ രാഷ്ട്രീയമായി ലക്ഷ്യമിടുന്നതിന്റെ ഭാഗമാണെന്നും ഇവരുടെ മൂത്ത മകനും ഹോളെ നരസിപുര ദൾ എംഎൽഎയുമായ എച്ച്.ഡി.രേവണ്ണ ആരോപിച്ചു. ഹാസനിലെ ദൊഡപുരയിലും പടുവലഹിപ്പയിലും തങ്ങളുടെ പാടത്തു കരിമ്പു കൃഷി ചെയ്തിരിക്കുന്നത് ഉദ്യോഗസ്ഥർക്കു നേരിട്ടു വന്നുകണ്ട് സർവേ നടത്താവുന്നതേയുള്ളു. നിയമപ്രകാരം നോട്ടിസിനു മറുപടി നൽകുമെന്നും രേവണ്ണ പറഞ്ഞു.ദേവെഗൗഡ കുടുംബത്തിന്റെ ഇടപാടുകൾ സുതാര്യമാണെന്നും നോട്ടിസിൽ ഭയപ്പെടുന്നില്ലെന്നും മറ്റൊരു മകനും ദൾ നിയമസഭാ കക്ഷി നേതാവുമായ കുമാരസ്വാമി പ്രതികരിച്ചു.