രാജ്യത്തെ ആദായ നികുതി നിയമങ്ങളിൽ മാറ്റം വരുത്താൻ നടപടികൾ തുടങ്ങി കേന്ദ്രസർക്കാർ. ക്രിപ്റ്റോ കറൻസിക്ക് നികുതി ചുമത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സർക്കാർ നീക്കം. ആദായ നികുതി നിയമ പരിഷ്കരണം അടുത്ത കേന്ദ്ര ബജറ്റിന് മുൻപ് ഉണ്ടായേക്കും.ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമാക്കി മാറ്റാനാണ് കേന്ദ്രസർക്കാരിന്റെ ആലോചന. ക്രിപ്റ്റോ ഇടപാടുകൾക്ക് സ്രോതസിൽ നിന്ന് നികുതി ഈടാക്കാൻ നിയമം പരിഷ്കരിക്കും. ഇതോടെ സ്വർണം, ഓഹരി എന്നിവയ്ക്ക് സമാനമായ ആസ്തികളായി ക്രിപ്റ്റോ കറൻസിയെ കണക്കാക്കും. ക്രിപ്റ്റോ കറൻസി ഇടപാടുകളും ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയുടെ കീഴിലാക്കാനുമാണ് നീക്കം.