ബെംഗളൂരു • റോഡിലെ അപകടക്കുഴികൾ നികത്തുന്നതിനു മഴ വീണ്ടും തടസ്സമാകുന്നു.കോൺ ക്രീറ്റ് മിശ്രിതം ഉപയോഗിച്ചുള്ള റോഡ് അറ്റകുറ്റപ്പണി മന്ദഗതിയിലാണു പുരോഗമിക്കുന്നത്. 2 ദിവസമെങ്കിലും മഴ മാറി നിൽക്കുക റോഡ് ഉണങ്ങുകയും ചെയ്താലേ ടാർ മിശ്രിതം ഉപയോഗിച്ചു ഫലപ്രദമായി കുഴി നികത്താനാകു. ഒക്ടോബർ 20ന് അറ്റകുറ്റപ്പണി ആരംഭിച്ചതാണങ്കിലും പിന്നീടു തുടർച്ചയായി മഴ പെയ്തതു ജോലികൾ മന്ദഗതിയിലാക്കി.
നിലവിലെ സാഹചര്യത്തിൽ ഒരു മാസം കൊണ്ടു പരമാവധി പരമാവധി 150 കിലോമീറ്റർ റോഡിന്റെ അറ്റകുറ്റപ്പണിയാണു ലക്ഷ്യമിട്ടിരിക്കുന്നതെന്നു ബിബി എംപി അധികൃതർ പറഞ്ഞു. 75 പ്രധാന റോഡുകളിലായി 1100കിലോമീറ്ററിൽ കുഴികൾ കണ്ടത്തിയിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ സ്മാർട് സിറ്റി റോഡുകളുടെ അറ്റകുറ്റപ്പണിയും മഴ തുടരുന്നതിനിടെ പുരോഗമിക്കുകയാണ്. കോടികൾ ചെലവഴിച്ചു നിർമിച്ചറോഡുകളുടെ ഗുണനിലവാരം സംബന്ധിച്ചു വ്യാപക പരാതി ഉയർന്നതിനെ തുടർന്നു. ഇതുടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ബിബിഎംപി സ്മാർട് സിറ്റി ലിമിറ്റഡിനു കത്തെഴുതിയിരുന്നു. ബിബിഎംപി നേരിട്ടു നടത്തിയ പരിശോധനയിൽ 4 സ്മാർട് സിറ്റി റോഡുകളിൽ കുഴികൾ കണ്ടത്തുകയും ചെയ്തിരുന്നു. ഇവ നികത്തുന്ന ജോലി ഊർജിതമാക്കിയതായി അധികൃതർ പറഞ്ഞു.