വിധാൻസൗധ ഉൾപ്പെടുന്ന നഗര ഹൃദയഭാഗത്ത് (സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് (സിബിഡി)) ഗതാഗതം താറുമാറാക്കുന്ന സ്മാർട് സിറ്റി റോഡുകളുടെ വികസനം പൂർത്തിയാകാത്തതിൽ ബിബിഎംപി അതൃപ്തി പരസ്യമാക്കി.
റോഡ് നിർമാണം ഉടനടി തീർക്കണമെന്നാവശ്യപ്പെട്ട് ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത സ്മാർട് സിറ്റി ലിമിറ്റഡിനു കത്തെഴുതി. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ബിബിഎംപിക്ക് ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. റോഡുകളുടെ ഗുണനിലവാരം സംബന്ധിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്. റോഡിൽ നിന്നു വെള്ളം ഒഴുകി പോകാൻ വേണ്ടത്ര സംവിധാനമില്ലെന്നും ആരോപണമുയർന്നു. സമീപകാലത്ത് മഴയിൽ ചില സ്മാർട് സിറ്റി റോഡുകളിൽ വൻ വെള്ളക്കെട്ട് ഉണ്ടായിരുന്നു. സമീപത്തെ കടകളിൽ വെള്ളം കയറിയതിനെ തുടർന്നു കൊമേഴ്സ്യൽ സ്ട്രീറ്റിലെ റോഡ് ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനകം പൊളിക്കേണ്ടതായും വന്നിരുന്നു.