ഇടുക്കി: ( 14.11.2021) കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാം വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷടെറാണ് 40 സെന്റി മീറ്റര്‍ ഉയരത്തില്‍ തുറന്നത്.30 മുതല്‍ 40 വരെ ക്യുമെക്‌സ് ജലം ഒഴുക്കി വിടും. 2398.90 അടിയായിരുന്നു ഷടെര്‍ തുറക്കുമ്ബോള്‍ ഇടുക്കിയിലെ ജലനിരപ്പ്. റൂള്‍ കര്‍വ് അനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഡാം തുറന്നിരിക്കുന്നത്. ഉച്ചയ്ക്ക് 1.55ന് ആദ്യത്തെ സൈറണ്‍ മുഴങ്ങി. 2.03ന് മൂന്നാമത്തെ ഷടെര്‍ ഉയര്‍ത്തിയതോടെ ജലം പുറത്തേക്ക് ഒഴുകിത്തുടങ്ങി. നിലവിലെ റെഡ് അലേര്‍ട് പരിധിയായ 2399.03 അടിയിലെത്തുന്നതിന് മുന്‍പേ ഇത്തവണയും അണക്കെട്ട് തുറന്ന് സെകന്‍ഡില്‍ 40,000 ലിറ്ററോളം വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഇതിന് പിന്നാലെ പെരിയാര്‍ തീരത്തെ താമസക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് തമിഴ്‌നാട് കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. ഇതോടെ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായി. വൃഷ്ടിപ്രദേശത്ത് മഴ കനത്താല്‍ സ്പില്‍വേ ഷടെറുകള്‍ വീണ്ടും ഉയര്‍ത്തിയേക്കും.
ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയിലെ ജലനിരപ്പ് വേഗത്തില്‍ ഉയര്‍ന്നതോടെയാണ് അണക്കെട്ട് വീണ്ടും തുറക്കാന്‍ റൂള്‍ കര്‍വ് കമിറ്റി തീരുമാനിച്ചത്. റെഡ് അലേര്‍ട് ലെവലിനായി കാത്ത് നില്‍ക്കാതെ തന്നെ വെള്ളം ഒഴുക്കി കളയാന്‍ രാവിലെ തീരുമാനിക്കുകയായിരുന്നു. റൂള്‍ കര്‍വ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലേര്‍ട് ലെവല്‍ 2392.03 അടിയാണ്. ഓറന്‍ജ് അലേര്‍ട് 2398.03 അടിയും റെഡ് അലേര്‍ട് 2399.03 അടിയുമാണ്. റെഡ് അലേര്‍ട് ലെവലിലെത്തിയ ശേഷം ഇടുക്കി തുറന്നാല്‍ മതിയെന്നാണ് ശനിയാഴ്ച കെ എസ് ഇ ബി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും, മുല്ലപ്പെരിയാര്‍ സ്പില്‍ വേ ഷടെറുകള്‍ തുറക്കേണ്ട സ്ഥിതി വരികയും ചെയ്തു. ചെറുതോണി ഷടെറുകള്‍ തുറന്ന് സെകന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ അനുമതി ജില്ലാകളക്ടര്‍ ശനിയാഴ്ചതന്നെ നല്‍കിയിരുന്നു.
ഈ വര്‍ഷം ഇത് രണ്ടാമത്തെ തവണയാണ് അണക്കെട്ടിന്റെ ഷടെര്‍ ഉയര്‍ത്തുന്നത്. ഒക്ടോബര്‍ 19 ന് മൂന്നു ഷടെറുകള്‍ ഉയര്‍ത്തി ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയിരുന്നു. ജലനിരപ്പ് താഴ്ന്നതോടെ 27 ന് ഷടെറുകള്‍ പൂര്‍ണമായും അടയ്ക്കുകയും ചെയ്തിരുന്നു.