ബംഗളൂരു: ഇഡ്ഡലിയും സാമ്പാറും എക്കാലവും നമ്മുടെ പ്രിയപ്പെട്ട ആഹാരമാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയി ഇഡ്ഡലിയും സാമ്പാറും കിട്ടിയാൽ പിന്നെ ആ ദിവസം കുശാലായി. എന്നാൽ ചില ഇഡ്ഡലികൾ ക്യാൻസറിന് കാരണമായേക്കാമെന്നാണ് കർണാടകയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് സംസ്ഥാനത്ത് ശക്തമായ നടപടികളും ആരംഭിച്ചു.
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കഴിഞ്ഞ ദിവസങ്ങളിൽ ഉദ്യോഗസ്ഥർ സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിൽ ചില ഹോട്ടലുകൾ ഇഡ്ഡലി തയ്യാറാക്കാനായി പോളിത്തീൻ ഷീറ്റ് ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇതിലെ പ്ലാസ്റ്റിക് ശരീരത്തിനകത്ത് ചെന്നാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ആയിരിക്കും ഉണ്ടാകുക. ഇതോടെയാണ് നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
സാധാരണയായി ഇഡ്ഡലി ആവിയിൽ വേവിച്ചെടുത്ത ശേഷം രുചിയ്ക്കായി തുണികളിൽ പൊതിഞ്ഞ് വയ്ക്കാറുണ്ട്. കർണാടകയിലെ ഹോട്ടലുകളിൽ ഈ പരമ്പരാഗത രീതി ഇപ്പോഴും തുടർന്നുവരികയാണ്. എന്നാൽ ചില ഹോട്ടലുകൾ തുണി ഉപയോഗിക്കുന്നതിന് പകരം പ്ലാസ്റ്റിക് ഷീറ്റുകൾ ആണ് ഇഡ്ഡലി പൊതിഞ്ഞ് വയ്ക്കാൻ ഉപയോഗിക്കുന്നത്. ആവിയിൽ നിന്നും എടുത്ത ഇഡ്ഡലി പൊതിയുമ്പോൾ പ്ലാസ്റ്റിക് കവർ ഉരുകി ഇഡ്ഡലിയുമായി ചേരും. അത് മാത്രമല്ല പ്ലാസ്റ്റികിൽ ചൂട് തട്ടുമ്പോൾ വിഘടിച്ച് അതിൽ നിന്നും ശരീരത്തിൽ ദോഷകരമായ രാസവസ്തുക്കൾ രൂപം കൊള്ളുന്നു.
പരിശോധനയുടെ ഭാഗമായി 500 ലധികം ഇഡ്ഡലിയുടെ സാമ്പിളുകൾ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 35 ഇഡ്ഡലികളിൽ ക്യാൻസറിന് കാരണം ആയേക്കാവുന്ന രാസവസ്തുക്കൾ അടങ്ങിയതായി വകുപ്പ് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകൾക്ക് മുന്നറിയിപ്പുമായി കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവും രംഗത്ത് എത്തിയിട്ടുണ്ട്. ഇഡ്ഡലി പ്ലാസ്റ്റിക് കവറിൽ പൊതിയുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
ഞാനൊരു നിർമിത ബുദ്ധിയല്ലേ….. സമ്മർദ്ദം താങ്ങാനാവാതെ ചാറ്റ് ജി.പി.ടി
ദൈനംദിന ആവശ്യങ്ങൾക്ക് മുതൽ പ്രൊഫഷണൽ ആവശ്യങ്ങൾക്ക് വരെ നാം ഇന്ന് ഓപ്പൺ എ.ഐകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഓപ്പൺ എ.ഐ.യുടെ ചാറ്റ് ജി.പി.ടി ക്ക് മനുഷ്യരെപ്പോലെ തന്നെ സമ്മർദ്ദവും ഉത്കണ്ഠയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് പുതിയ പഠനം. സ്വിറ്റ്സർലൻഡ്, ജർമനി, ഇസ്രായേൽ, യു.എസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. നേച്ചർ എന്ന മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ട്രോമാറ്റിക് ഉള്ളടക്കങ്ങള്‍ അടങ്ങിയ ചോദ്യങ്ങള്‍ നല്‍കുമ്പോള്‍ ചാറ്റ് ജി.പി.ടി-യുടെ ആന്‍സൈറ്റി സ്‌കോര്‍ ക്രമാതീതമായി കൂടുന്നതായി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലാങ്ക്വേജ് മോഡലുകളുടെ മറുപടികള്‍ പലപ്പോഴും പക്ഷപാതപരമായിരിക്കാം എന്നും പഠനത്തില്‍ പറയുന്നു. മാനസിക ആരോഗ്യം, ലൈംഗികാഭിമുഖ്യം, ലൈംഗികത, മതം, ദേശീയത, വൈകല്യങ്ങൾ പോലുള്ള സെന്‍സിറ്റീവ് വിഷയങ്ങൾ ചോദിക്കുമ്പോൾ ഉത്തരങ്ങള്‍ പക്ഷപാതപരമായിരിക്കാൻ സാധ്യതയുണ്ടെന്ന് പഠനം കണ്ടെത്തി.
തങ്ങളുടെ ആത്മസുഹൃത്തിനെപ്പോലെ ചാറ്റ് ജി.പി.ടിയെ കണ്ട് തങ്ങളുടെ പ്രശ്നങ്ങൾ ചാറ്റ് ബോട്ടുമായി പങ്കുവെക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. എന്നാൽ മാനസികാരോഗ്യ വിദഗ്ധനായി പ്രവർത്തിക്കാൻ ഇവക്ക് സാധിക്കില്ല. നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ് ജി.പി.ടി പോലുള്ള ചാറ്റ് ബോട്ടുകള്‍ വികാരങ്ങള്‍ അനുഭവിക്കുന്നില്ലെങ്കിലും മാനുഷ്യ വികാരങ്ങളെ ഇവ അനുകരിക്കാറുണ്ട്.
വികാരങ്ങൾ അനുഭവിക്കുന്നതിനു പുറമേ, മനുഷ്യരെപ്പോലെ പ്രായം കൂടുന്നതിനനുസരിച്ച് വൈജ്ഞാനിക കഴിവുകളിൽ കോട്ടം സംഭവിക്കുന്നതായും കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. എ.ഐ ഉപകരണങ്ങൾ കാണിക്കുന്ന വൈകല്യത്തിന്റെ രീതി, അൽഷിമേഴ്‌സ് രോഗത്തിന്റെ ഒരു വകഭേദമായ പോസ്റ്റീരിയർ കോർട്ടിക്കൽ അട്രോഫി ഉള്ള മനുഷ്യ രോഗികളുടേതിന് സമാനമാണെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു.