ബെംഗളൂരു: സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ പ്രവർത്തന പുരോഗതി നിരീക്ഷിക്കാനും പരാതികൾ പരിഹരിക്കാനുമായി ആവിഷ്കരിക്കുന്ന ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, ബിബിഎംപി ആസ്ഥാനത്ത് അടുത്ത മാസം പ്രവർത്തനം ആരംഭിക്കും.
അതോടെ ബെംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 14 വകുപ്പുകൾ ഒരു കുടക്കീഴിൽ ആവും.ബിബിഎംപി, ബെംഗളൂരു ജല അതോറിറ്റി, ബെംഗളൂരു വൈദ്യുതി വിതരണ കമ്പനി (ബെസ്കോം), കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി), ബിഎംടിസി, നമ്മ മെട്രോ, സിറ്റി പോലീസ് തുടങ്ങിയ വകുപ്പുകളാണ് ഒരു കുടകീഴിലേക്കാവുക.
അടിസ്ഥാന വികസനത്തിന് പുറമേ മാലിന്യസംസ്കരണം, ആരോഗ്യം എന്നീ സേവനങ്ങൾ വേഗത്തിൽ ലഭിക്കുന്ന തരത്തിലാണ് ഐസിസിസി പ്രവർത്തനമുണ്ടാവുക.
വികസനപദ്ധതികൾ നടപ്പിലാക്കുമ്പോൾ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം പ്രവൃത്തികൾ അനന്തമായി നീളുന്നത് സംബന്ധിച്ച് വ്യാപകമായ പരാതികളാണ് ലഭിക്കുന്നത്.