ഐഫോണ്‍ 14 റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഫോണുമായി ബന്ധപ്പെട്ട് ഇതുവരെ ലീക്കായ പല കാര്യങ്ങളെയും അസ്ഥാനത്താക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ഐഫോണ്‍ 14 സീരീസിന്റെ വില, അതുപോലെ പ്രോ മോഡലുകളുടെ ഡിസ്പ്ലേ എന്നിവയുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് മാക്റൂമേഴ്സ്.
ഗുണം കൂടിയാലും വില കുറയും
ഐഫോണ്‍ 14, ഐഫോണ്‍ 14 മാക്സ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ് എന്നീ മോഡലുകളാണ് സെപ്തംബര്‍ ഏഴിന് അവതരിപ്പിക്കുന്നത്. വലിയ മാറ്റങ്ങളുമായി എത്തുന്ന ഐഫോണ്‍ 14 സീരീസിന് ഐഫോണ്‍ 13 ലൈനപ്പിനെക്കാള്‍ വില കൂടിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, മാക്റൂമേഴ്സിനെ ഉദ്ധരിച്ച് ട്രെന്‍ഡ്ഫോഴ്സ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം വര്‍ദ്ധിച്ചുവരുന്ന ആഗോള പണപ്പെരുപ്പവും മൊബൈല്‍ വിപണിയിലെ ഇടിവും കണക്കിലെടുത്ത് ആപ്പിള്‍, പുതിയ ഐഫോണുകളുടെ വില ഉയര്‍ത്തിയേക്കില്ല.
അതിനാല്‍, വില്‍പ്പന വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐഫോണ്‍ 14 സീരീസിന് ഐഫോണ്‍ 13 ലൈനപ്പിനെ അപേക്ഷിച്ച് പ്രാരംഭ വില കുറവായിരിക്കാം. ഐഫോണ്‍ 14-ന്റെ വില 749 ഡോളര്‍ (59,600 രൂപ) മുതല്‍ ആരംഭിക്കാം, ഐഫോണ്‍ 14 മാക്സിന്റെ പ്രാരംഭ വില 849 ഡോളര്‍ (67,500 രൂപ) ആയിരിക്കും. ലോഞ്ച് ചെയ്ത സമയത്ത് ഐഫോണ്‍ 13 ന്റെ പ്രാരംഭ വില 799 ഡോളര്‍ ആയിരുന്നു (63,600 രൂപ).
എന്നാല്‍, ഐഫോണ്‍ 14 പ്രോ മോഡലുകളുടെ പ്രാരംഭ വില ഐഫോണ്‍ 13 പ്രോ മോഡലുകളേക്കാള്‍ കൂടുതലായിരിക്കും, 999 ഡോളറായിരുന്നു (79,500 രൂപ) 13 പ്രോയുടെ പ്രാരംഭ വില. ഐഫോണ്‍ 14 പ്രോയുടെ പ്രാരംഭ വില 1,049 ഡോളറായിരിക്കുമെന്നാണ് (83,500 രൂപ) റിപ്പോര്‍ട്ട്. അതേസമയം 14 പ്രോ മാക്സിന് 1,149 ഡോളര്‍ ( 91,400 രൂപ) മുതല്‍ നല്‍കേണ്ടിവരും.
നോച്ചിന് പകരം വരുന്നത്….
ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ് എന്നീ മോഡലുകളുടെ ഡിസ്പ്ലേയില്‍ നിലവിലുള്ള നോച്ചിന് പകരം ‘ഹോള്‍ – പില്’ ഷേപ്പിലുള്ള കട്ടൗട്ട് വരുമെന്നാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായുള്ള റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയത്. എന്നാല്‍, പുതിയ ലീക്കുകള്‍ പ്രകാരം പില് ഷേപ്പിലുള്ള വലിയൊരു കട്ടൗട്ട് മാത്രമായിരിക്കും 14 പ്രോ മോഡലുകളുടെ ഡിസ്പ്ലേയില്‍ ഉണ്ടാവുക.
രണ്ട് തരം ചെറിയ നോച്ചുകള്‍ ഡിസ്പ്ലേയുടെ മുകളില്‍ ക്രമീകരിക്കുന്നതിന് പകരം രണ്ടും കൂടി ഒരുമിച്ചുചേര്‍ക്കാന്‍ ആപ്പിള്‍ ചില സോഫ്റ്റ്വെയര് ഗിമ്മിക്കുകള്‍ ഉപയോഗിക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക്ക് ഗുര്‍മാന്‍ ട്വിറ്ററില്‍ കുറിച്ചു. മാക്റൂമേഴ്സ് ആണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട ഈ പ്രധാന വിവരം ആദ്യം പുറത്തുവിട്ടത്.
രണ്ട് കട്ടൗട്ടുകള്‍ക്കിടയില്‍ വരുന്ന സ്പേസില്‍ മൈക്കും ക്യാമറയും ആപ്പുകള്‍ ഉപയോഗിക്കുന്നതായി അറിയിക്കാന്‍ ഓറഞ്ച്, പച്ച ഇന്‍ഡിക്കേറ്ററുകള്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ നോച്ചിന്റെ വലത് കോണിലാണ് അത് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ഡിക്കേറ്ററുകളില് ടാപ്പുചെയ്താല്‍ ഉപയോക്താക്കള്‍ക്ക് ഫോണിന്റെ മൈക്കും ക്യാമറയും ഉപയോഗിക്കുന്ന ആപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കാണാനും കഴിയും.
അതേസമയം, ഡിസ്പ്ലേയുടെ അകത്തായി നീളമേറിയ ഗുളികയുടെ ആകൃതിയിലുള്ള കട്ട്ഔട്ട് വരുന്നത് ആപ്പിള്‍ പ്രേമികള്‍ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടുതന്നെ അറിയണം. ആപ്പിള്‍ ഐഫോണ്‍ എക്സ് എന്ന മോഡലില്‍ നോച്ച് കൊണ്ടുവന്നപ്പോള്‍ നീരസം പ്രകടിപ്പിച്ച് പലരും എത്തിയിരുന്നു. നോച്ചിന്റെ വലിപ്പം തന്നെയാണ് അവരെ ചൊടിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേയുള്ള ഫോണുകള്‍ അവതരിപ്പിക്കുന്ന കാലത്തായിരുന്നു വലിയ നോച്ചുമായി തുടര്‍ച്ചയായി ആപ്പിള്‍ ഐഫോണുകള്‍ അവതരിപ്പിച്ചത്.
ക്യാമറയിലും വലിയ മാറ്റം
ബാറ്ററി, റാം, മറ്റ് അപ്ഗ്രേഡുകള്‍ എന്നിവ അവതരിപ്പിക്കുന്നതിനൊപ്പം ക്യാമറ ആപ്പും ആപ്പിള്‍ നവീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ 48 മെഗാപിക്സല്‍ ക്യാമറകള്‍, വലിയ സെന്‍സറുള്ള അള്‍ട്രാ വൈഡ് ലെന്‍സ്, എ 16 ചിപ്സെറ്റ് എന്നിവ പ്രതീക്ഷിക്കാം.
ഐഫോണ്‍ 14 മോഡലുകള്‍ ഐഫോണ്‍ 13ന് ഏകദേശം സമാനമായിരിക്കും. ചെറിയ മാറ്റങ്ങള്‍ മാത്രം നോണ്‍-പ്രോ മോഡലുകളില്‍ പ്രതീക്ഷിച്ചാല്‍ മതി. ഐഫോണ്‍ 14 സീരീസ് സാറ്റലൈറ്റ് കമ്യൂണിക്കേഷനും പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.