ബെംഗളൂരു : ഭക്ഷണമുണ്ടാക്കി നൽകാതിരുന്ന ഭാര്യയെ കൊലപ്പെടുത്തി വലിയ സ്യൂട്ട്കേസിലാക്കി കുളത്തിലെറിഞ്ഞ ഭർത്താവും സുഹൃത്തും പോലീസ് പിടിയിൽ.ബെംഗളൂരു സ്വദേശിയായ മഞ്ജുള കൊല്ലപ്പെട്ട കേസിൽ ഭർത്താവ് വിഘനെശ് നഗർ സ്വദേശി രാമു, സുഹൃത്ത് ബസവനഗൗഡ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ജൂൺ 14-ന് നെലമംഗലയ്ക്ക് സമീപത്തെ കുളത്തിലാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. സംശയം തോന്നിയ വഴിയാത്രക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് എത്തി പരിശോധനനടത്തിയതോടെ ഇതിനുള്ളിൽ അഴുകിയനിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ടു ദിവസം മുമ്പ് രാമു നെലമംഗലയിലെത്തിയിരുന്നതായി പോലീസ് കണ്ടെത്തി .
ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്.ജൂൺ 10-നാണ് മഞ്ജുള കൊല്ലപ്പെട്ടത്. സിനിമ കണ്ടതിനുശേഷം രാത്രി 12-ഓടെ വീട്ടിലെത്തിയ രാമു മഞ്ജുളയോട് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും ഭക്ഷണം ഉണ്ടാക്കി നൽകാൻ മഞ്ജുള തയ്യാറായില്ല.
മഞ്ജുള ഫോണിൽ സംസാരിച്ചിരുന്നതിനെയും രാമു ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ രാമു, മഞ്ജുളയുടെ തലപിടിച്ച് മേശയിൽ ഇടിച്ചതോടെ ബോധരഹിതയായി നിലത്തുവീണു. രാവിലെയാണ് മഞ്ജുള മരിച്ചെന്ന് രാമുവിന് മനസ്സിലായത്. തുടർന്ന് മൃതദേഹം വലിപ്പമുള്ള സ്യൂട്ട്കേസിലാക്കി സുഹൃത്തിന്റെ സഹായത്തോടെ കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.