ബെംഗളൂരു: നൃത്തസംവിധായകയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെംഗേരി വിശേശ്വരയ്യ ലേഔട്ടിൽ താമസക്കാരിയായ ബി. നവ്യശ്രീ(28)യെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവായ എ. കിരണി(31)നെ പോലീസ് കസ്റ്റഡിയിലെടുത്തത്. നവ്യശ്രീയുടെ സുഹൃത്തായ ഐശ്വര്യയുടെ പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്. ഐശ്വര്യയ്ക്കൊപ്പം വീട്ടിൽ ഉറങ്ങുന്നതിനിടെയാണ് നവ്യശ്രീയെ ഭർത്താവ് അതിദാരുണമായി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.ശിവമോഗ ഭദ്രാവതി സ്വദേശിനിയായ നവ്യശ്രീയും ടാക്സി ഡ്രൈവറായ കിരണും മൂന്നുവർഷം മുൻപാണ് പ്രണയിച്ച് വിവാഹിതരായത്.
എന്നാൽ, കഴിഞ്ഞ ഒരുവർഷമായി ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. നവ്യശ്രീ നൃത്തസംവിധായകയായി ജോലിചെയ്യുന്നത് കിരണിന് ഇഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി പ്രതി സ്ഥിരമായി ഭാര്യയുമായി വഴക്കിട്ടിരുന്നു. മാത്രമല്ല, ഭാര്യയെ ഇയാൾ സംശയിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.ബുധനാഴ്ച പുലർച്ചെയോടെയാണ് കെംഗേരിയിലെ വീട്ടിൽവെച്ച് കിരൺ ഭാര്യയെ കൊലപ്പെടുത്തിയത്.
സംഭവസമയത്ത് സുഹൃത്തായ ഐശ്വര്യയും നവ്യശ്രീക്കൊപ്പം മുറിയിലുണ്ടായിരുന്നു. ഭർത്താവുമായുള്ള പ്രശ്നങ്ങളെത്തുടർന്നാണ് നവ്യശ്രീ ഉറ്റസുഹൃത്തായ ഐശ്വര്യയെ വിളിച്ചുവരുത്തിയത്. ചൊവ്വാഴ്ച രാത്രി ബിയർ കഴിച്ചശേഷം ഇരുവരും ഒരുമുറിയിൽ ഉറങ്ങാൻകിടന്നു. ഇതിനിടെയാണ് കിരൺ മുറിയിൽ അതിക്രമിച്ചുകയറി ഭാര്യയെ കൊലപ്പെടുത്തിയത്.
മദ്യപിച്ച് ഉറങ്ങിയതിനാൽ മുറിയിലുണ്ടായിരുന്ന ഐശ്വര്യ സംഭവമറിഞ്ഞിരുന്നില്ലെന്നാണ് വിവരം. ബുധനാഴ്ച രാവിലെ ഉറക്കമുണർന്നതോടെയാണ് ഒപ്പംകിടന്നിരുന്ന സുഹൃത്തിന്റെ മൃതദേഹം ചോരയിൽകുളിച്ചനിലയിൽ ഇവർ കണ്ടത്. ഇതോടെ യുവതി ബഹളംവെച്ച് അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു.
ചോരയിൽ കുതിർന്ന കിടക്ക, ഞെട്ടൽ മാറാതെ ഐശ്വര്യ…ഭർത്താവിൽനിന്നുള്ള ഉപദ്രവം സഹിക്കവയ്യാതെയാണ് നവ്യശ്രീ ഉറ്റസുഹൃത്തായ ഐശ്വര്യയെ വിളിച്ചുവരുത്തി വിവരങ്ങളെല്ലാം പറഞ്ഞത്. തുടർന്ന് നവ്യശ്രീയ്ക്ക് ആശ്വാസംപകരാനും പിന്തുണനൽകാനുമായി ഐശ്വര്യ ചൊവ്വാഴ്ച രാത്രി കെംഗേരിയിലെ വീട്ടിൽ തങ്ങുകയായിരുന്നു. എന്നാൽ, ഒരുമിച്ചുറങ്ങിയ ഉറ്റസുഹൃത്തിന്റെ ചേതനയറ്റ ശരീരം കണ്ടാണ് പിറ്റേദിവസം രാവിലെ ഐശ്വര്യ ഉറക്കമുണർന്നത്. ഹോളിവുഡ് പ്രേതസിനിമകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾക്കായിരുന്നു കെംഗേരിയിലെ വീട് ബുധനാഴ്ച രാവിലെ സാക്ഷ്യംവഹിച്ചത്. ചോരയിൽ കുതിർന്ന കിടക്കയിൽ തന്റെ തൊട്ടടുത്ത് പ്രിയ കൂട്ടുകാരിയുടെ മൃതദേഹം കണ്ട ഐശ്വര്യയ്ക്ക് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.
പ്രണയവിവാഹം, കുടുംബപ്രശ്നങ്ങൾ...വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് മൂന്നുവർഷം മുൻപ് കിരണും നവ്യശ്രീയും പ്രണയിച്ച് വിവാഹിതരായത്. പക്ഷേ, കഴിഞ്ഞ ഒരുവർഷമായി ദമ്പതിമാർക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു. നവ്യശ്രീ നൃത്തസംവിധായകയായും അവതാരകയായും ജോലിചെയ്യുന്നത് കിരണിന് ഇഷ്ടമായിരുന്നില്ല. ഈ ജോലി ഒഴിവാക്കണമെന്ന് ഇയാൾ പലതവണ ആവശ്യപ്പെട്ടെങ്കിലും ഭാര്യ അതിന് കൂട്ടാക്കിയില്ല. ഇതിനുപുറമേ ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്നും പ്രതി സംശയിച്ചിരുന്നു. സംശയത്തെത്തുടർന്ന് ഭാര്യയുടെ മൊബൈൽഫോൺ സ്ഥിരമായി പരിശോധിക്കാറുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
ഭർത്താവിൽനിന്നുള്ള ഉപദ്രവം സഹിക്കവയ്യാതായതോടെ നവ്യശ്രീ ഇക്കാര്യങ്ങളെല്ലാം ഉറ്റസുഹൃത്തായ ഐശ്വര്യയെ അറിയിച്ചു. ആർ.ആർ. നഗറിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലിചെയ്യുന്ന ഐശ്വര്യ കൂട്ടുകാരിയെ ആശ്വസിപ്പിക്കാനായി ചൊവ്വാഴ്ച കെംഗേരിയിലെത്തി. തുടർന്ന് അന്നേദിവസം വൈകീട്ട് ഇരുവരും നവ്യശ്രീയുടെ സുഹൃത്തായ സുനിലിനെ കാണാനായി പുറത്തുപോയി. കിരണിനെതിരേ പോലീസിൽ പരാതി നൽകാനായിരുന്നു സുഹൃത്തായ സുനിലിന്റെയും നിർദേശം. പിന്നാലെ ഐശ്വര്യയും നവ്യശ്രീയും വീട്ടിലേക്ക് മടങ്ങി.
ചൊവ്വാഴ്ച രാത്രി നവ്യശ്രീയുടെ വീട്ടിൽ ഐശ്വര്യയും തങ്ങി. ഇരുവരും രാത്രി ഒരുമിച്ച് മദ്യപിച്ചു. പിന്നാലെ കിരൺ വീട്ടിലെത്തിയതോടെ മൂവരും ഒരുമിച്ച് അത്താഴം കഴിച്ചു. ഇതിനിടെ കിരൺ നവ്യശ്രീയുമായി വഴക്കുണ്ടാക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയുംചെയ്തു. ഐശ്വര്യ ഇടപെട്ടാണ് കിരണിനെ ഇതിൽനിന്ന് പിന്തിരിപ്പിച്ചത്. അർധരാത്രിയോടെ ഐശ്വര്യയും നവ്യശ്രീയും ഒരുമുറിയിലും കിരൺ മറ്റൊരു മുറിയിലും ഉറങ്ങാൻപോയി. മദ്യപിച്ചതിനാൽ യുവതികൾ നല്ല ഉറക്കത്തിലായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച പുലർച്ചെയോടെ കിരൺ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊലപ്പെടുത്തുന്നതിന് മുൻപ് കിരൺ ഭാര്യയെ കസേരയിൽ കെട്ടിയിട്ട് ഉപദ്രവിച്ചെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന് ശേഷം വീട്ടിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു