ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ സിദ്ധാർത്ഥ് ഭരതന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘ചതുരം’. മുൻപ് ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യുമെന്നാണ് സിദ്ധാർത്ഥ് അടുത്തിടെ അറിയിച്ചിരുന്നത്. ഈ അവസരത്തിൽ ചതുരത്തിന്റെ രണ്ടാം ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചതുരത്തിലെ കേന്ദ്രകഥാപാത്രങ്ങളായ സ്വാസികയും റോഷനുമാണ് ടീസറിൽ ഉള്ളത്. എന്തോ ഒരു സസ്പെൻസ് ചിത്രത്തിൽ ഒളിച്ചിരിപ്പുണ്ടെന്ന് ടീസറിൽ നിന്നും വ്യക്തമാണ്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ റിലീസ് തിയതി ഉടന്‍ പുറത്തുവിടും.
അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ് നിർമിക്കുന്നത്.
അടുത്തിടെ ചതുരത്തിന്റേതായി പുറത്തുവന്ന പോസ്റ്റർ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സ്വാസികയുടേയും റോഷന്റെയും ഇന്റിമേറ്റ് രംഗമായിരുന്നു പോസ്റ്ററിൽ. ഇത് ചിലരെ ചൊടിപ്പിച്ചിരുന്നു. പോസ്റ്ററിനെതിരെ വന്നൊരു കമന്റിന് സ്വാസിക നൽകിയ മറുപടിയും ഏറെ ശ്രദ്ധനേടി. ‘ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാൻ ഉദ്ദേശിക്കുന്നത്? താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
“അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം. അഡൽസ് ഓൺലി എന്നു പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം, അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ പ്ലീസ്. തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല”, എന്നായിരുന്നു സ്വാസികയുടെ മറുപടി.