സൂര്യൻ നല്ല ചൂടിലാണ്. തുടർച്ചയായി ഉണ്ടാകുന്ന സൗരക്കാറ്റുകൾ കൂടിയാകുമ്പോൾ പറയുകയും വേണ്ട… ഭൂമി ചുട്ടുപൊള്ളുകയാണ്. വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന് തന്നെയാണ് ശാസ്‌ത്ര ലോകം വിലയിരുത്തുന്നത്. സൂര്യനിൽ പതിവായി നടക്കുന്ന പ്രതിഭാസമാണ് സൗരക്കാറ്റ് എന്നത്. ശാസ്ത്രലോകത്തിന്റെ കണക്കനുസരിച്ച് 11 വർഷം നീളുന്നതാണ് സൂര്യന്റെ താപവ്യതിയാന ചക്രം.
ഇതനുസരിച്ച് നിലവിലെ താപചക്രത്തിലെ ചൂട് കുറഞ്ഞ വർഷം 2019 ആയിരുന്നുവെന്നത് കൊണ്ടാണ് ഇനിയുള്ള വർഷങ്ങളിൽ ചൂട് ഉയരുന്നത്. 2025 ജൂലൈയിലാണ് സോളാര്‍ മാക്‌സിമം പ്രതീക്ഷിക്കുന്നത്. രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സജീവമായ സൗരചക്രമാണ് ഇപ്പോള്‍ സംഭവിക്കുന്നത് . ശാസ്‌ത്രജ്ഞർ പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഇത്തവണ സോളാർ മാക്‌സിമം സംഭവിക്കുന്നത്.
സോളാർ സൈക്കിൾ 25 ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 100 വർഷത്തെ ഏറ്റവും ശക്തി കുറഞ്ഞ സോളാർ സൈക്കിളിന് ശേഷമാണ് സോളാർ സൈക്കിൾ 25 ആരംഭിച്ചത്. അതിനാൽ തന്നെ ആദ്യവർഷങ്ങളിൽ ചൂട് കുറവാണെങ്കിലും വരും വർഷങ്ങളിൽ ചൂട് കൂടുമെന്ന് ശാസ്‌ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. സൂര്യൻ 2025 ജൂലൈയോടെ സോളാർ മാക്‌സിമം എന്ന അവസ്ഥയിലെത്തുക എന്നാണ് കരുതിയിരുന്നെങ്കിലും പിന്നീട് ഇത് 2024 നവംബറോടെ സംഭവിക്കുമെന്ന് ശാസ്‌ത്രജ്ഞർ അവകാശപ്പെട്ടിരുന്നു.
സൂര്യനിൽ സംഭവിക്കുന്ന കൊറോണല്‍ മാസ് ഇജക്ഷനും സൗര കാറ്റുമെല്ലാം പ്രതിദിനം ഭൂമിയിലേക്ക് എത്തുന്നുണ്ട്. യുഎസ് നാഷണല്‍ ഓഷ്യാനിക് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനിലെ(NOAA) സ്‌പേസ് വെതര്‍ പ്രഡിക്ഷന്‍ സെന്‍റർ, ബ്രിട്ടീഷ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം എന്നിവ വരും ദിവസങ്ങളിൽ കൂടുതല്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. സൗരക്കാറ്റ് ഭൂമിയിലേക്ക് എത്തുമ്പോൾ അത് ചിലപ്പോൾ ഹൈ ഫ്രീക്വന്‍സി റേഡിയോ സിഗ്നലുകളെ കുഴപ്പത്തിലാക്കിയേക്കാം. വൈദ്യുതി വിതരണ ശൃംഖലകളിലും സൗരക്കാറ്റുകള്‍ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം.
സാറ്റലൈറ്റുകളുടെ പ്രവര്‍ത്തനം പോലും ഇത്തരം പ്രതിഭാസങ്ങള്‍ മൂലം തടസപ്പെടാനുള്ള സ്ഥിതിയുണ്ട്. ധ്രുവപ്രദേശങ്ങളുടെ അന്തരീക്ഷത്തില്‍ കാണപ്പെടുന്ന ഓറ ഓസ്‌ട്രേലിസിനും ഓറ ബൊറേലിസിനും സൂര്യനിലെ താപ വ്യതിയാനങ്ങള്‍ മാറ്റങ്ങൾ ഉണ്ടാക്കാറുണ്ട്. സൂര്യന്‍ കൂടുതല്‍ സജീവമായിരിക്കുന്ന കാലത്താണ് ഇത്തരത്തിൽ സൗരക്കാറ്റുകൾ സംഭവിക്കാറുള്ളത്. വളരെ സാധാരണമായ പ്രതിഭാസമാണിത്. കൊറോണല്‍ മാസ് ഇജക്ഷനുകളും സൗരക്കാറ്റുകളും ഭൂമിയുടെ കാന്തിക മണ്ഡലത്തെയും മുകളിലെ അന്തരീക്ഷത്തെയും ബാധിക്കാന്‍ ശേഷിയുള്ളവയാണെന്നതാണ് നമ്മുടെ ആശങ്കക്ക് അടിസ്ഥാനം.