Home Featured ബൈക്ക് എടുത്ത് ഇറങ്ങാം..ബാംഗ്ലൂരിലെ കിടിലൻ ഹില്‍ സ്പോട്ടുകള്‍!

ബൈക്ക് എടുത്ത് ഇറങ്ങാം..ബാംഗ്ലൂരിലെ കിടിലൻ ഹില്‍ സ്പോട്ടുകള്‍!

ബാഗ്ലൂര്‍ യാത്രകളില്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും ഇല്ലെങ്കിലും ഒഴിവാക്കുവാൻ സാധിക്കാത്തവയാണ് ഇവിടുത്തെ കുന്നുകളും മലകളും.നന്ദി ഹില്‍സിന്‍റെ കാര്യമെടുത്താല്‍ മാത്രം മതി. ഒരു തവണയില്‍ കൂടുതല്‍ നന്ദി കണ്ടിട്ടുള്ളവരായിക്കും ബാംഗ്ലൂരിലെ കൂടുതലും സ‍ഞ്ചാരികള്‍. പകരം ഒരു സ്ഥലം അറിയാത്തതും ചിലപ്പോള്‍ നന്ദി ഹില്‍സിനോടുള്ള താല്പര്യവും ആയിരിക്കാം ആളുകളെ ഇവിടെ എത്തിക്കുന്നത്.എന്നാല്‍ ബൈക്ക് സ്വന്തമായോ വാടകയ്ക്കോ നിങ്ങളുടെ അടുത്തുണ്ടെങ്കില്‍ എന്തിനു യാത്രകള്‍ ഒറ്റയിടത്തേയ്ക്കു മാത്രമാക്കണണം. ബാംഗ്ലൂര്‍ ടൗണ്‍ വിട്ട് പുറത്തിറങ്ങിയാല്‍ കിടിലൻ ഡ്രൈവിങ് അനുഭവം തരുന്ന ഇഷ്ടംപോലെ കുന്നുകളും മലകളും ഇവിടെയുണ്ട്. ഇതാ ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ ബൈക്ക് റൈഡ് പോകാന്‍ സാധിക്കുന്ന 5 സ്ഥലങ്ങള്‍ പരിചയപ്പെടാം.

1.നന്ദി ഹില്‍സ്:എത്രയൊക്കെ പറഞ്ഞാലും നന്ദി ഹില്‍സിലേക്ക് ബൈക്കിലെ യാത്ര ഒരു അനുഭവം തന്നെയാണ്. ഇനി പുലര്‍ച്ചെ വണ്ടിയെടുത്ത് സൂര്യോദയം കാണാനാണ് പോകുന്നതെങ്കിലോ.. അതൊരു വേറെ ഫീല്‍ തന്നെയാണ്. കുളിരില്‍, കോടമഞ്ഞില്‍ വളഞ്ഞു കിടക്കുന്ന വഴികള്‍ താണ്ടി എത്തുമ്ബോള്‍ കാത്തിരിക്കുന്ന സൂര്യോദയവും മേഘക്കടലും ഒരിക്കലെങ്കിലും നേരിട്ടനുഭവിക്കണം. ഒരു പ്ലാനും തയ്യാറെടുപ്പും ഇല്ലാതെ എപ്പോള്‍ വേണമെങ്കിലും പോകാം എന്നതാണ് നന്ദി ഹില്‍സിന്റെ ഏറ്റവും വലിയ പ്രത്യേകത. ബാംഗ്ലൂരില്‍ നിന്നും 61 കിലോമീറ്റര്‍ ദൂരമേ നന്ദി ഹില്‍സിലേക്ക് ഉള്ളൂ.

2. ഉത്തരി ബേട്ടാ:നന്ദി ഹില്‍സിന് പകരം നില്‍ക്കുന്ന ഇടമായി സഞ്ചാരികള്‍ കണ്ടെത്തിയ സ്ഥലമാണ് ഉത്തരി ബേട്ട. യാത്ര മാത്രമല്ല, ട്രെക്കിങും ഹൈക്കിങും പുലര്‍ച്ചെ നടന്നു കയറിയെത്തിയാല്‍ ഒരു സൂര്യോദയ കാഴ്ചയും ഉത്തരി ബേട്ട നല്കുന്നു. ഇങ്ങനെയൊരു ലക്ഷ്യമുണ്ടെങ്കില്‍ രാവിലെ 4 മണിക്കെങ്കിലും ഇവിടെയെത്തുന്ന വിധത്തില്‍ വണ്ടിയെടുത്തിറങ്ങണം. കൂട്ടുകാരെല്ലാം കൂടിയൊരു റൈഡ് ആണ് പ്ലാൻ ചെയ്യുന്നങ്കില്‍ നല്ല ഒരനുഭവമായിരിക്കും ഇതെന്ന് തീര്‍ച്ച. മഴയില്ലാത്ത, ഒരുപാട് വെയിലില്ലാത്ത ഒക്ടോബര്‍ – മാര്‍ച്ച്‌ സമയമാണ് ഉത്തരി ബേട്ടാ സന്ദര്‍ശിക്കുവാന്‍ നല്ലത്. ബാംഗ്ലൂരില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരമുണ്ട് ഉത്തരി ബേട്ടയിലേക്ക്.

3.ആവ്ണി ബേട്ട:അത്യാവശ്യം നീണ്ട ബൈക്ക് റൈഡ് ആണ് ലക്ഷ്യമെങ്കില്‍ ആവ്ണി ബേട്ട വണ്ടിയുമെടുത്ത് പോകാൻ പറ്റിയ സ്ഥലമാണ്. കുന്നിന്‌ മുകളില്‍ സീതാ ദേവിക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രവും വലിയ ജലാശയവുമാണ് ഇവിടെ കാണാനുള്ളത്. കോലാറില്‍ മുല്‍ബാഗ്ഗിലു എന്ന സ്ഥലത്താണ് ആവ്ണി ബേട്ടയുള്ളത്. വിശ്വാസികള്‍ മാത്രമല്ല, ചരിത്രത്തില്‍ താല്പര്യമുള്ളവരും ഇവിടെ വരുന്നു. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സന്ദര്‍ശിക്കാൻ പറ്റിയ സമയം. മലമുകളിലേക്ക് ട്രെക്കിങ് ആണ് ലക്ഷ്യമെങ്കില്‍ അതിരാവിലെയോ വൈകിട്ടോ വരണം. ബാംഗ്ലൂരില്‍ നിന്നും 96.3 കിലോമീറ്ററാണ് ആവ്ണി ബേട്ടയിലേക്കുള്ള ദൂരം.

4. മന്ദാരഗിഹി ഹില്‍സ്:ബാംഗ്ലൂരില്‍ വ്യത്യസ്തമായ കാഴ്ചകള്‍ തേടുന്നവര്‍ക്ക് മന്ദാരഗിരി ഹില്‍സ് തിരഞ്ഞെടുക്കാം. ബസഡി ബേട്ടാ എന്നും അറിയപ്പെടുന്ന മന്ദാരഗിഹി ഹില്‍സ് ജൈനമത വിശ്വാസികളുടെ തീര്‍ത്ഥാടല സ്ഥലമാണെങ്കിലും ആര്‍ക്കും ധൈര്യമായി വരാം. കുറച്ച്‌ ഉളളിലാണ് ഇടമെന്നതിനാല്‍ കുറച്ച്‌ വെള്ളവും സ്നാക്സും കരുതുന്നത് നല്ലതാണ്. പുറമേ മയില്‍പ്പീലിയുടെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന , 81 അടി ഉയരവും 2400 ചതുരശ്രയടി വീതിയുമുള്ള ഈ ക്ഷേത്രം തീര്‍ത്തും വ്യത്യസ്തമായ ഒരു കലാസൃഷ്ടിയാണ്. ഇവിടെ ക്ഷേത്രം താഴ്വാരത്തിലും മന്ദാരഗിരി ഹില്‍സ് 450 പടികള്‍ക്കു മുകളിലുമാണ്. ബാംഗ്ലൂരില്‍ നിന്നും 62 കിലോമീറ്റര്‍ ആണ് മന്ദാരഗിരി ഹില്‍സ് സ്ഥിതി ചെയ്യുന്നത്.

5. മാര്‍ക്കണ്ഡേയ ഹില്‍:ബാംഗ്ലൂര്‍ ബൈക്ക് യാത്രകള്‍ക്ക് പറ്റിയ അഞ്ച് ഇടങ്ങളില്‍ അവസാനത്തേത് മാര്‍ക്കണ്ഡേയ ഹില്‍ ആണ്.അധികം അറിയപ്പെടാത്ത ഇവിടം കോലാര്‍ ജില്ലയിലാണുള്ളത്. മാര്‍ക്കണ്ഡേയ മുനിയുടെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് പേരുവന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗ്രാമങ്ങളും മരങ്ങള്‍ നിറഞ്ഞ റോഡുകളും പനോരമിക വ്യൂ സ്ഥലങ്ങളും ഒക്കെ കണ്ടുള്ള യാത്രയാണ് മാര്‍ക്കണ്ഡേയ ഹില്‍സിലേക്കുള്ളത്. ചോള കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ശിവക്ഷേത്രം ഇവിടെ കാണാം. ബാംഗ്ലൂരില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയാണ് മാര്‍ക്കണ്ഡേയ ഹില്‍ സ്ഥിതി ചെയ്യുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group