ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദങ്ങള്‍ക്ക് തിരികൊളുത്തി ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍. ക്ലാസുകളില്‍ ഹിജാബ് ധരിച്ച് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട്, മംഗളൂരു യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിവേദനം നല്‍കി. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ചെത്തിയ ഇവരെ ക്ലാസുകളില്‍ പ്രവേശിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം മാത്രമേ ധരിക്കാന്‍ പാടുള്ളൂ എന്ന് കര്‍ണാടക ഹൈക്കോടതിയുടെ വിധിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, ഇക്കഴിഞ്ഞ 16ന് മംഗളൂരു സര്‍വകലാശാല, ഹിജാബിന് ക്ലാസ് മുറികളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിന് ശേഷവും ഹിജാബ് ധരിച്ചെത്തിയ കുട്ടികളെ ക്ലാസിലേക്ക് പ്രവേശിക്കാന്‍ ചില അദ്ധ്യാപകര്‍ അനുവദിക്കുകയായിരുന്നു. ഇതാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്.
കോടതി വിധിയ്ക്ക് ശേഷം തങ്ങള്‍ ഹിജാബ് ധരിച്ചാണ് ക്ലാസുകളില്‍ എത്തിയിരുന്നതെന്നും, എന്നാല്‍, ഇപ്പോഴുള്ള ഉത്തരവിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥിനികള്‍ ഡെപ്യൂട്ടി കമ്മീഷണറെ സമീപിച്ചിരിക്കുന്നത്. പരീക്ഷകള്‍ ഉള്‍പ്പെടെ എഴുതിയത് ഹിജാബ് ധരിച്ചാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.