ബെംഗ്ളുറു: മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ സാധിക്കുന്ന തരത്തില്‍ പ്രീ-യൂനിവേഴ്സിറ്റി കോളജുകള്‍ (PUC) ദക്ഷിണ കന്നഡ ജില്ലയില്‍ സ്ഥാപിക്കാന്‍ 13 മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കര്‍ണാടക സര്‍കാരിന്റെ അനുമതി തേടി.
ഹിജാബ് പ്രക്ഷോഭം ആരംഭിച്ച തീരദേശ ജില്ലയായ ഉഡുപിയുടെ തൊട്ടടുത്ത ദക്ഷിണ കന്നഡയില്‍, പിയു കോളജുകള്‍ തുടങ്ങാന്‍ അനുമതി തേടിയതായി വിദ്യാഭ്യാസ വകുപ്പിലെ വൃത്തങ്ങള്‍ അറിയിച്ചു.
മുസ്ലീം പെണ്‍കുട്ടികളില്‍ ഒരുവിഭാഗം മതചിഹ്നത്തെ പ്രതിനിധീകരിക്കുന്ന വസ്ത്രങ്ങള്‍ പാടില്ലെന്ന ഹൈകോടതി വിധിയെ തുടര്‍ന്ന് ഹിജാബ് ധരിക്കാതെ ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും മറ്റൊരുവിഭാഗം ഇതിന് എതിരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹിജാബ് ധരിച്ച് ക്ലാസ് മുറികളില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതിനാല്‍ അവര്‍ പഠനം നിര്‍ത്തി.
ഇത് സംബന്ധിച്ച് ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കോളജ് വികസന സമിതികള്‍ക്ക് അധികാരം നല്‍കുന്നതാണ് സര്‍കാര്‍ ഉത്തരവ്. ഈ സാഹചര്യത്തിലാണ് ദക്ഷിണ കന്നഡ ജില്ലയിലെ ഓപണ്‍ പിയു കോളജുകളിലേക്ക് 14 അപേക്ഷകള്‍ സമര്‍പിച്ചിട്ടുള്ളത്, അതില്‍ 13 എണ്ണവും മുസ്ലീം അകാഡമിക് സ്ഥാപനങ്ങളാണ്. ഇതുവരെ ഒരു മുസ്ലീം സ്ഥാപനത്തിന് മാത്രമേ പിയു കോളജ് തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുള്ളൂവെന്ന് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഹിജാബ് ധരിച്ച് പെണ്‍കുട്ടികള്‍ക്ക് പഠനം നടത്തുന്നതിനായി പ്രത്യേക കോളജുകള്‍ തുടങ്ങണമെന്ന് മുസ്ലീം സമുദായത്തില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
ഹിജാബ് ധരിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് നൂറുകണക്കിന് പെണ്‍കുട്ടികള്‍ കഴിഞ്ഞയാഴ്ച മംഗ്ളുറു നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഉഡുപി പ്രീ-യൂനിവേഴ്സിറ്റി വനിതാ കോളജിലെ ആറ് വിദ്യാര്‍ഥിനികള്‍ ആരംഭിച്ച ഹിജാബ് വിവാദം സംസ്ഥാനമൊട്ടാകെ പടരുകയും അന്താരാഷ്ട്ര തലക്കെട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
വിഷയം കര്‍ണാടക ഹൈകോടതിയിലെത്തിയപ്പോള്‍ ബെഞ്ച് മുസ്ലീം പെണ്‍കുട്ടികളുടെ ഹര്‍ജി തള്ളി. കര്‍ണാടകയിലെ ഭരണകക്ഷി അകാഡമിക് സ്ഥാപനങ്ങളില്‍ ഹിജാബിന്റെ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുകയും ക്ലാസ് മുറികളില്‍ വിദ്യാര്‍ഥിനികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ഇതോടെ മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യസം നേടുന്നതിന് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് മുസ്ലിം സ്ഥാപനങ്ങള്‍ സ്വന്തമായി സ്ഥാപനമെന്ന ആശയത്തിലേക്ക് എത്തിയത്.