മംഗളൂരു: ഉഡുപ്പി ജില്ലാ ഭരണകൂടം ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ തിങ്കളാഴ്ച മുതല്‍ ഫെബ്രുവരി 19 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സ്കൂളുളിലും കോളജുകളിലും മുസ്‍ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാന്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധിക്ക് ശേഷം തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
ഫെബ്രുവരി 14ന് രാവിലെ ആറ് മണി മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഉത്തരവ് 19ന് വൈകുന്നേരം ആറ് മണി വരെ തുടരും. ഉത്തരവ് പ്രകാരം എല്ലാ ഹൈസ്കൂളുകളുടെയും 200 മീറ്റര്‍ ചുറ്റളവില്‍ അഞ്ചോ അതിലധികമോ അംഗങ്ങള്‍ ഒത്തുകൂടാന്‍ പാടില്ല. പ്രതിഷേധങ്ങളും റാലികളും ഉള്‍പ്പെടെ എല്ലാവിധ സമ്മേളനങ്ങളും നിരോധിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും കര്‍ശനമായി നിരോധിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.