ബംഗളൂരു: ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹരജിയില്‍ കര്‍ണാടക ഹൈകോടതി നാളെയും വാദം കേള്‍ക്കും. ഹിജാബിനെ മാത്രം വേര്‍തിരിച്ച് കാണുകയാണെന്നും മുസ്ലിം വിദ്യാര്‍ഥിനികള്‍ വിദ്യാഭ്യാസമോ വിശ്വാസമോ, ഇതിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും ഹരജിക്കാര്‍ കോടതിയില്‍ പറഞ്ഞു. തലപ്പാവും കുരിശും പൊട്ടും മുഖപടവും അടക്കമുള്ള മതചിഹ്നങ്ങള്‍ അനുവദിക്കുമ്ബോള്‍ എന്തുകൊണ്ട് ഹിജാബിന് മാത്രം നിരോധനമേര്പ്പെടുത്തുന്നുവെന്നും ഹരജിക്കാരുടെ അഭിഭാഷകന് ചോദ്യമുയര്‍ത്തി. കേസില്‍ നാലാം ദിവസമാണ് വാദം തുടരുന്നത്.
മുതിര്‍ന്ന അഭിഭാഷകന് രവിവര്‍മ കുമാറാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. ദുപ്പട്ട, മുഖപടം, വളകള്‍, തലപ്പാവുകള്‍, കുരിശ്, പൊട്ട് തുടങ്ങിയ നൂറുകണക്കിന് മതചിഹ്നങ്ങള്‍ ജനങ്ങള്‍ നിത്യജീവിതത്തില്‍ അണിയുമ്ബോള്‍ എന്തുകൊണ്ടാണ് ഹിജാബിനെ മാത്രം വേര്‍തിരിച്ച് കാണുന്നതെന്ന് അഭിഭാഷകന് ചോദിച്ചു. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള മതചിഹ്നങ്ങളെയാണ് താന്‍ ചൂണ്ടിക്കാട്ടിയത്. എന്തുകൊണ്ടാണ് ഇവയില്‍ നിന്ന് ഹിജാബ് മാത്രം തെരഞ്ഞെടുത്ത് വിവേചനം കാട്ടുന്നത്. വളകള്‍ ധരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമായല്ലേ. എന്തുകൊണ്ടാണ് മുസ്ലിം പെണ്‍കുട്ടികളെ മാത്രം ലക്ഷ്യമാക്കി വിലക്കേര്‍പ്പെടുത്തിയത് -അദ്ദേഹം ചോദിച്ചു.
പരാതിക്കാരായ പെണ്‍കുട്ടികള്‍ ക്ലാസ് മുറിക്ക് പുറത്തായത് അവരുടെ മതവിശ്വാസം ഒന്നുമാത്രം കാരണമാണ്. പൊട്ടുതൊട്ട കുട്ടിയെ ക്ലാസിന് പുറത്താക്കിയിട്ടില്ല. വളയിട്ട കുട്ടിയെ പുറത്താക്കിയിട്ടില്ല. കുരിശണിഞ്ഞ കുട്ടികളെ പുറത്താക്കിയിട്ടില്ല. അപ്പോള്‍ എന്തുകൊണ്ട് ഈ കുട്ടികളെ മാത്രം പുറത്താക്കുന്നു? ഭരണഘടനയുടെ 15ാം അനുച്ഛേദത്തിന്റെ ലംഘനമാണിത് -അഡ്വ. രവിവര്‍മ കുമാര്‍ ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് റിതുരാജ് അവാസ്തി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത്. നാളെ ഉച്ചയ്ക്ക് 2.30ന് വാദം കേള്‍ക്കല്‍ തുടരുമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ സമയപരിധി വെക്കണമെന്ന് അഭിഭാഷകര്‍ കോടതിക്ക് മുമ്ബാകെ ആവശ്യപ്പെട്ടിട്ടുണ്ട്.