താൻ വിളിച്ച റാപ്പിഡോയിലെ ഡ്രൈവർ നല്ല ശമ്പളം വാങ്ങുന്ന ഒരു ജോലിക്കാരനാണ് എന്ന് അറിഞ്ഞാല്‍ ആരായാലും ഒന്ന് അമ്പരന്നു പോകും അല്ലേ?അതുപോലെ തന്നെ ഞെട്ടിച്ച അനുഭവം പറയുന്ന ഒരു പോസ്റ്റാണ് ഇതും. ഫോണ്‍പേയിലെ സെയില്‍സ് മാനേജറായി ജോലി ചെയ്യുന്ന ഒരാള്‍ രാത്രിയില്‍ റാപ്പിഡോ ഡ്രൈവറായി എത്തുന്നതായിട്ടാണ് പോസ്റ്റില്‍ കാണുന്നത്. അഭിനവ് എന്ന എക്സ് യൂസറാണ് തന്റെ അനുഭവം പങ്കുവെച്ചത്. തന്നെ കൊണ്ടുപോകാൻ എത്തിയ റാപ്പിഡോ ഡ്രൈവർ പകല്‍ സമയത്ത് പ്രമുഖ ഫിൻടെക് കമ്പനിയായ ഫോണ്‍പേയിലെ സെയില്‍സ് മാനേജറാണെന്ന് അറിഞ്ഞപ്പോള്‍ താൻ ഞെട്ടിപ്പോയെന്നാണ് അഭിനവ് കുറിക്കുന്നത്. ബെംഗളൂരുവില്‍ സ്വന്തമായി ഫ്ലാറ്റുള്ള ഇദ്ദേഹം, പകല്‍ ഓഫീസില്‍ ജോലി ചെയ്യുകയും രാത്രിയില്‍ റാപ്പിഡോ ഓടിക്കുകയുമാണത്രെ ചെയ്യുന്നത്.ഈ വാർത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണമാണോ ഇത് എന്നാണ് ചിലരൊക്കെ ചോദിച്ചിരിക്കുന്നത്. ‘ഇതൊരു നേട്ടമായി കാണാൻ കഴിയില്ല. ബെംഗളൂരുവിലെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും വിലക്കയറ്റവും കാരണമാണ് ഒരു സെയില്‍സ് മാനേജർക്ക് പോലും രണ്ട് ജോലി ചെയ്യേണ്ടി വരുന്നത്. ഇത് മോശം അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്’ എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്.ജീവിതസാഹചര്യങ്ങളോടുള്ള ഒരുതരം പോരാട്ടമാണ് ഇതെന്നും, ഹൗസിംഗ് ലോണും ഇഎംഐകളും വർദ്ധിച്ചുവരുന്ന നഗരത്തില്‍ വരുമാനത്തിന് പുതിയ വഴികള്‍ കണ്ടെത്താൻ ആളുകള്‍ നിർബന്ധിതരാകുകയാണ് എന്നും പലരും അഭിപ്രായപ്പെട്ടു. എന്നാല്‍, സമാനമായ മറ്റൊരു അനുഭവം പങ്കുവെച്ച ഒരാള്‍ പറഞ്ഞത്, താൻ കണ്ടുമുട്ടിയ ടിസിഎസ് ജീവനക്കാരൻ സമയം കളയാൻ വേണ്ടിയാണ് പാർട്ട് ടൈം ജോലി ചെയ്യുന്നത് എന്നാണ്. പുതിയ തലമുറയ്ക്ക് വിനോദങ്ങളില്‍ ഏർപ്പെടുന്നതിനേക്കാള്‍ താല്പര്യം ഇത്തരം ജോലികളോടാണെന്നും ഈ കമന്റില്‍ പറയുന്നു.അതേസമയം, നഗരത്തിലെ ഏകാന്തത ഇല്ലാതാക്കാൻ ഒഴിവുള്ള സമയങ്ങളില്‍ ഇത്തരം ജോലികള്‍ ചെയ്യുന്ന ടെക്കികള്‍ അടക്കമുള്ളവരെ കുറിച്ച് നേരത്തെയും പോസ്റ്റുകള്‍ വന്നിരുന്നു.