ബംഗളൂരു: ബിരുദ പഠനത്തിനു കന്നഡ നിർബന്ധമാക്കി ഓഗസ്റ്റ് 7 നു കർണാടക സർക്കാർ ഉത്തരവിറക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനോടു നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്കൃത ഭാരതി ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണിത്. സുപ്രീം കോടതി ഉത്തരവിനും ഭരണഘടനയ്ക്കും വിരുദ്ധമായാണു പ്രാദേശിക ഭാഷാ പഠനം നിർബന്ധമാക്കാനുള്ള നീക്കമെന്നു ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് മുൻപാകെ ഹർജിക്കാർ വാദിച്ചു.
കർണാടകയിൽ ബിരുദപഠനം നടത്തുന്ന ഇതര സംസ്ഥാനക്കാരായ വിദ്യാർഥികളെ ഇതു പ്രതി കൂലമായി ബാധിക്കും. ഉന്നത വിദ്യാഭ്യാസരംഗത്തു കന്നഡ അടിച്ചേൽപിക്കാനുള്ള സർക്കാർ നീത്തിൽ പ്രതിഷേധിച്ചു വിദ്യാർഥികൾ കോളജ് പ്രിൻസിപ്പൽമാർക്ക് വ്യാപകമായി കത്തെഴുതിയിട്ടുണ്ടെന്നും അവർ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. അതേസമയം സർക്കാരിന്റെ നയം ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരല്ലെന്നും വിദ്യാർഥികളല്ല, മറിച്ചു പഠനവുമായി നേരിട്ടു ബന്ധമില്ലാത്തവരാണ് ഇതിനെ എതിർക്കുന്നതെന്നും അഡ്വക്കറ്റ് ജനറൽ എതിർവാദമുന്നയിച്ചു.
കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിച്ചപ്പോൾ ഉത്തരവു പുനഃപരിശോധിക്കാൻ നിർദേശിച്ച കോടതി വിദ്യാഭ്യാസത്തിൽ രാഷ്ട്രീയം കലർത്തുന്നത് എന്തിനാണെന്നു കർണാടക സർക്കാരിനോടു ചോദ്യമുന്നയിച്ചിരുന്നു. കേസ് വീണ്ടും 29നു പരിഗണിക്കും