Home Featured ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന് ചര്‍മ്മം വച്ചു പിടിപ്പിക്കാനൊരുങ്ങുന്നു; പ്രാര്‍ത്ഥനയോടെ രാജ്യം

ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന് ചര്‍മ്മം വച്ചു പിടിപ്പിക്കാനൊരുങ്ങുന്നു; പ്രാര്‍ത്ഥനയോടെ രാജ്യം

by ടാർസ്യുസ്

ബെംഗളൂരു: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന് ചര്‍മ്മം വെച്ച്‌ പിടിപ്പിക്കുന്നു. ഇദ്ദേഹത്തിന് വെച്ച്‌ പിടിപ്പിക്കാനുള്ള സ്കിന്‍ ഗ്രാഫ്റ്റ് ബംഗളുരു മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ബിഎംസിആര്‍ഐ) സ്‌കിന്‍ ബാങ്ക് ആണ് കൈമാറിയത്. നിലവില്‍ വ്യോമസേന കമാന്‍ഡ് ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷപെട്ട ഏക വ്യക്തിയാണ് വരുണ്‍ സിങ്. ഹെലികോപ്റ്ററില്‍ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി ഉള്‍പ്പെടെ 12 പേരും അപകടത്തില്‍ മരിച്ചിരുന്നു.

വരുണ്‍ സിങ്ങിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ആശുപത്രിയില്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ചര്‍മ്മം വച്ചു പിടിപ്പിക്കാനുള്ള സാധ്യത തേടുന്നത്. നിലവില്‍ എത്തിച്ച സ്‌കിന്‍ ഗ്രാഫ്റ്റ് അദ്ദേഹത്തിന് വച്ച്‌ പിടിപ്പിച്ചതിന് ശേഷം കൂടുതല്‍ ആവശ്യമാണെങ്കില്‍ അത് മുംബൈയിലെയോ, ചെന്നൈയിലെയോ സ്‌കിന്‍ ബാങ്കുകളില്‍ നിന്ന് വാങ്ങാനാണ് തീരുമാനം. എന്നാല്‍ ഇപ്പോള്‍ എത്തിച്ചിരിക്കുന്ന ചര്‍മ്മം ഉടന്‍ വച്ചുപിടിപ്പിക്കാനാകില്ലെന്ന് സീനിയര്‍ പ്ലാസ്റ്റിക് സര്‍ജനായ ഡോ.ഗുണശേഖര്‍ വുപ്പുലപതി പറഞ്ഞു. ചില രാസപ്രക്രിയകളിലൂടെയാണ് ചര്‍മ്മം സൂക്ഷിച്ചിരിക്കുന്നത്. അതിനാല്‍ ഇത് ഉടന്‍ വരുണ്‍ സിങ്ങില്‍ വച്ച്‌ പിടിപ്പിക്കാനാകില്ല. ഇതിന് എട്ട് ആഴ്ച വരെയെങ്കിലും സമയം എടുക്കും. എത്തിയ ചര്‍മ്മത്തിലും കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും’ അദ്ദേഹം പറഞ്ഞു.

2020 ഒക്ടോബര്‍ 12ന് വ്യോമസേനയില്‍ വിങ് കമാന്‍ഡറായ വരുണ്‍ സിങ് തേജസ് യുദ്ധവിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസ്സാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് ശൗര്യചക്രക്ക് അര്‍ഹനായത്. വിമാനത്തിന്‍റെ നിയന്ത്രണ സംവിധാനത്തിനും കോക്പിറ്റിനകത്തെ വായുസമ്മര്‍ദ സംവിധാനത്തിനുമാണ് അന്ന് തകരാര്‍ നേരിട്ടത്. ഉയര്‍ന്ന വിതാനത്തില്‍ പറക്കുന്നതിനിടെയുണ്ടായ പ്രതികൂല സാഹചര്യത്തെ ക്യാപ്റ്റന്‍ വരുണ്‍ സിങ് മനോധൈര്യത്തോടെ നേരിടുകയായിരുന്നു. വിമാനം ഉയരത്തില്‍ പറക്കവേ നിയന്ത്രണം നഷ്ടമാകുകയും അതിവേഗം താഴേക്ക് പതിക്കുകയുമായിരുന്നു. പിന്നീട് വളരെ അപകടകരമായ വിധത്തില്‍ മുകളിലേക്കും താഴേക്കും പറന്നു. അങ്ങേയറ്റം ജീവന്‍ അപകടപ്പെടുത്തുന്ന സാഹചര്യത്തില്‍ കടുത്ത ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദത്തിലായിരുന്നിട്ടും, വരുണ്‍ സിങ് മനോധൈര്യം കൈവിട്ടില്ല. എന്നാല്‍ നിയന്ത്രണത്തിലായെന്ന് കരുതവേ, 10,000 അടി ഉയരത്തില്‍ വെച്ച്‌ വിമാനത്തിന്‍റെ നിയന്ത്രണം വീണ്ടും പൂര്‍ണമായി നഷ്ടപ്പെട്ടു.

യുദ്ധവിമാനം നിയന്ത്രണവിധേയമാക്കാനാകാത്ത സാഹചര്യങ്ങളില്‍ അറ്റകൈയെന്ന നിലയില്‍ പൈലറ്റിന് വിമാനം ഉപേക്ഷിച്ച്‌ പുറത്തുകടക്കാനുള്ള സ്വാതന്ത്രമുണ്ട്. എന്നാല്‍, പ്രതിസന്ധിഘട്ടത്തെ അഭിമുഖീകരിക്കാന്‍ തയാറായ ക്യാപ്റ്റന്‍ വരുണ്‍ സിങ് സ്വന്തം ജീവന്‍ പോലും അവഗണിച്ച്‌ വിമാനത്തെ നിയന്ത്രണത്തിലാക്കുകയായിരുന്നു. ഒടുവില്‍ സുരക്ഷിതമായി വിമാനത്തെ ലാന്‍ഡ് ചെയ്യിക്കാനും അദ്ദേഹത്തിന് സാധിച്ചു. വലിയ അപകടത്തിലേക്കും ദുരന്തത്തിലേക്കും വഴിവെക്കുമായിരുന്ന സാഹചര്യത്തെ സധൈര്യം നേരിട്ടതിന് രാജ്യം ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന് ശൗര്യചക്ര സമ്മാനിക്കുകയായിരുന്നു. സ്വന്തം ജീവനും തേജസ് യുദ്ധവിമാനവും മാത്രമല്ല വരുണ്‍ സിങ് സംരക്ഷിച്ചതെന്ന് ശൗര്യചക്ര പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. അപകടം വഴി പൊതുജനങ്ങള്‍ക്കും സൈന്യത്തിനുമുണ്ടാകുന്ന കനത്ത നഷ്ടങ്ങള്‍ ഒഴിവാക്കാനും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്‍റെ മനസാന്നിധ്യവും നിര്‍ണായക തീരുമാനമെടുക്കാനുള്ള ശേഷിയും പരിചയസമ്ബന്നതയും വഴി സാധിച്ചു.

ഊട്ടിക്ക് സമീപം ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടം. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ഹെലികോപ്റ്റര്‍ താഴെ വീഴുന്നതിന് മുന്‍പ്, ആകാശത്ത് വെച്ചുതന്നെ തീഗോളമായി മാറിക്കഴിഞ്ഞിരുന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് ആദ്യം ഓടിയെത്തിയത് അവിടുത്തെ നാട്ടുകാരായിരുന്നു. എന്നാല്‍ ലോഹം കത്തുന്ന ചൂടില്‍ അവര്‍ക്ക് അടുക്കാന്‍ പോലുമായിരുന്നില്ല. കുടത്തില്‍ വെള്ളം കോരിയൊഴിച്ചും കിട്ടാവുന്ന കമ്ബിളികളെല്ലാം ഉപയോഗിച്ചുമാണ് അവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ശ്രമത്തിനൊടുവില്‍ അപകടത്തില്‍ പെട്ടവരെ പുറത്തെടുക്കുമ്ബോള്‍ ആകെ രണ്ട് പേര്‍ക്കാണ് ജീവന്റെ തുടിപ്പ് അവശേഷിച്ചിരുന്നത്.

ആദ്യം 4 പേര്‍ മരിച്ചെന്നായിരുന്നു സ്ഥിരീകരിച്ചത്. എന്നാല്‍ രാജ്യത്തിന്റെ ആദ്യത്ത സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേരും ദാരുണമായി കൊല്ലപ്പെടുകയിരുന്നു. ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് അപകടത്തില്‍ പെട്ടവരില്‍ ആകെ രക്ഷപെട്ടത്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group