ബെംഗളൂരു: നഗരത്തിന്റെ ഗതാഗത സൗകര്യങ്ങള്‍ അതിവേഗത്തില്‍ വികസിക്കുകയാണ്. ഇന്നത്തെ കാലത്ത് കൂടുതലായി ആളുകള്‍ എത്തുന്ന, ജോലി അന്വേഷിച്ചു നിരവധി പേർ തങ്ങുന്ന നഗരത്തില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏർപ്പെടുത്തേണ്ടത് ആവശ്യമാണ്.അടുത്തകാലത്തായി അതിനായി നഗരത്തില്‍ ഒരു തുരങ്കപാതയെ കുറിച്ചുള്ള ചർച്ചകള്‍ നടന്നിരുന്നു.ഹെബ്ബാളിനും സെൻട്രല്‍ സില്‍ക്ക് ബോർഡിനും ഇടയില്‍ 16.74 കിലോമീറ്റർ തുരങ്കപ്പാത നിർമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിക്ക് ഏകദേശം 17,698 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 15-ല്‍ നിന്ന് 30 കിലോമീറ്ററായി വാഹനങ്ങളുടെ ശരാശരി വേഗത വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. പൊതു സബ്‌സിഡികള്‍, ടോള്‍ വരുമാനം, അഞ്ച് പ്രധാന ഭൂമി ഭാഗങ്ങള്‍ വിറ്റ് പണമാക്കല്‍ തുടങ്ങിയ സങ്കീർണമായ സാമ്പത്തിക ഘടനയാണ് ഇതിനുള്ളത്.പദ്ധതി നടപ്പാക്കാൻ ആദ്യം സർക്കാർ ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ പരിഗണിച്ചിരുന്നു. എന്നാല്‍ പദ്ധതിച്ചെലവിന്റെ 40 ശതമാനം സർക്കാർ മുൻകൂട്ടി നല്‍കേണ്ട ഈ ആശയം ഒരു കമ്പനി മാത്രം താല്‍പ്പര്യം കാണിച്ചതോടെ ഉപേക്ഷിച്ചു. തുടർന്ന്, നിരവധി കമ്പനികള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്ന എൻജിനീയറിങ്, പ്രൊക്യുർമെന്റ് ആൻഡ് കണ്‍സ്ട്രക്ഷൻ മോഡലില്‍ പൂർണ്ണമായി ഫണ്ട് നല്‍കാൻ സർക്കാർ തയ്യാറായില്ല.ഇപ്പോള്‍, പരിഷ്‌കരിച്ച ബില്‍ഡ്-ഓണ്‍-ഓപ്പറേറ്റ്-ട്രാൻസ്‌ഫർ (ബൂട്ട്) മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ ക്രമമനുസരിച്ച്, പദ്ധതിച്ചെലവിന്റെ 40 ശതമാനം (ഏകദേശം 7079 കോടി രൂപ) വയബിലിറ്റി ഗ്യാപ് ഫണ്ടിംഗായി സർക്കാർ നല്‍കും. സാമ്പത്തികമായി അത്യാവശ്യമെങ്കിലും വാണിജ്യപരമായി ലാഭകരമല്ലാത്ത പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്ക് വിജിഎഫ് പിന്തുണ നല്‍കുന്നു.ബാക്കി 60 ശതമാനം തുക സ്വകാര്യ കണ്‍സഷണറാണ് വഹിക്കുക.
വിജിഎഫ് കൂടാതെ, ഭൂമി ഏറ്റെടുക്കുന്നതിന്റെയും യൂട്ടിലിറ്റികള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെയും ചെലവും ഉത്തരവാദിത്തവും സർക്കാരോ, പദ്ധതി നടപ്പാക്കുന്ന ഏജൻസിയായ ബി-സ്മൈലോ ആണ് വഹിക്കുക.നിർമ്മാണഘട്ടത്തിലെ നാല് വർഷത്തിനുള്ളില്‍ കണ്‍സഷണർ 10,600 കോടിയിലധികം രൂപ നിക്ഷേപിക്കണം. ടോള്‍, വാണിജ്യ വികസന അവകാശങ്ങള്‍, അനുബന്ധ വരുമാനങ്ങള്‍ എന്നിവയിലൂടെ ഈ നിക്ഷേപം തിരികെ പിടിക്കാം. ഇതില്‍ 70 ശതമാനം വരെ ബാങ്കുകളില്‍ നിന്ന് വായ്‌പയായി കണ്ടെത്താനാണ് ടെൻഡർ വ്യവസ്ഥകള്‍ അനുവദിക്കുന്നത്.എന്തായി പദ്ധതിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങള്‍കഴിഞ്ഞ വർഷം ജൂലൈയില്‍, ബി-സ്മൈല്‍ പദ്ധതിക്കായി ടെൻഡറുകള്‍ ക്ഷണിച്ചു. മൂന്ന് തവണ സമയപരിധി നീട്ടിനല്‍കിയിട്ടും നാല് ലേലക്കാർ മാത്രമാണ് പങ്കെടുത്തത്. സാങ്കേതിക വിലയിരുത്തലില്‍ ബി-സ്മൈല്‍ രണ്ട് ലേലക്കാരെ അയോഗ്യരാക്കി. റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ പങ്കാളിക്ക് സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കാൻ കഴിഞ്ഞില്ലെന്നതായിരുന്നു ഒരു കാരണം.പാലങ്ങളോ മേല്‍പ്പാലങ്ങളോ തകർന്ന ചരിത്രമുള്ള സ്ഥാപനങ്ങളെ ടെൻഡർ ക്ലോസ് 2.2.1(ജി) വിലക്കുന്നതിനാല്‍, ദിലീപ് ബില്‍ഡ്‌കോണിനെ അയോഗ്യരാക്കി.
പരിശോധനകള്‍ക്കൊടുവില്‍ രണ്ട് കമ്പനികള്‍ മാത്രമാണ് ഫൈനല്‍ പട്ടികയില്‍ ഇടം പിടിച്ചത്. ഇരു പാക്കേജുകള്‍ക്കുമായി 22,267 കോടി രൂപയുടെ ടോട്ടല്‍ കണ്‍സഷൻ വാല്യൂ ഉദ്ധരിച്ച് അദാനി എന്റർപ്രൈസസ് ഏറ്റവും കുറഞ്ഞ ലേലക്കാരായി.25,474 കോടി രൂപ ഉദ്ധരിച്ച് വിശ്വ സമുദ്ര എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് രണ്ടാം സ്ഥാനത്തും എത്തി. എന്നാല്‍ ബി-സ്മൈല്‍ ടോള്‍ പിരിവ് ശേഷിയെ കുറച്ചുകാട്ടുകയോ ലേലങ്ങള്‍ മത്സരാധിഷ്ഠിതമല്ലെന്നും ചില വിമർശനം ഉയർന്നിരുന്നു. വിശ്വ സമുദ്രയുടെ സാങ്കേതിക യോഗ്യത നിലനിന്നത്, അവരുമായി അടുത്ത ബന്ധമുള്ള നവയഗ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡിന്റെ അനുഭവത്തെ ആശ്രയിച്ചായിരുന്നു.എന്നാല്‍ ഉത്തരാഖണ്ഡിലെ സില്‍ക്ക്യാര-ബർകോട്ട് തുരങ്കത്തില്‍ 2023-ല്‍ നടന്ന വലിയ അപകടത്തിലെ കരാറുകാരായിരുന്നു . ഈ വിഷയം ബി-സ്മൈല്‍ പരിഗണിച്ചിരുന്നെങ്കില്‍ അദാനി മാത്രമാകുമായിരുന്നു പദ്ധതിയുടെ ഏക ലേലക്കാർ. അദാനിയുടെ ലേലത്തുക ഏറ്റവും കുറവാണെങ്കിലും, ബി-സ്‌മൈല്‍ പ്രതീക്ഷിച്ചതിലും പലമടങ്ങ് കൂടുതലാണെന്നതാണ് വാസ്‌തവം.പദ്ധതി നിലച്ചുപോവുമോ?പദ്ധതിയുടെ ആരംഭം മുതല്‍ പലവിധ വിമർശനങ്ങളും എതിർപ്പുകളും ഉയർന്നിരുന്നു. അതില്‍ പ്രധാനമായിരുന്നു പാരിസ്ഥിതിക പ്രശ്‌നങ്ങള്‍. കൂടാതെ കേവലം കാറുകള്‍ക്ക് പോകുവാൻ വേണ്ടി മാത്രം ഇത്ര ഭീമമായ തുക ചിലവഴിച്ചുകൊണ്ട് പദ്ധതി നടപ്പാക്കണോ എന്ന ചോദ്യവും ഉയർന്നു. മറ്റ് ചിലരാവട്ടെ ഇതൊരു ഗതാഗത പദ്ധതി എന്നതിലുപരി റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയായാണ് സർക്കാർ കാണുന്നതെന്നാണ് പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ പദ്ധതി എപ്പോള്‍ നടപ്പിലാവുമെന്ന കാര്യത്തില്‍ ധാരണയില്ല.