ബെംഗളൂരു: അറ്റകുറ്റപ്പണിക്കും ഭാരം താങ്ങാനുള്ള ശേഷി പരിശോധിക്കാനുമായി പീനിയ മേൽപ്പാലം അടച്ചതോടെ സമീപപ്രദേശങ്ങളിൽ വ്യാപക ഗതാഗതക്കുരുക്ക്. ബുധനാഴ്ച രാവിലെ നെലമംഗല, ദാസറഹള്ളി, ജാലഹള്ളി ക്രോസ് എന്നിവിടങ്ങളിൽ മണിക്കൂറുകളോളമാണ് ഗതാഗത തടസ്സമുണ്ടായത്. ആംബുലൻസുകളും ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും പോകേണ്ടവരും ഗതാഗതക്കുരുക്കിൽ പെട്ടു. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെക്കൂടാതെ മല്ലേശ്വരം, യശ്വന്തപുര, പീനിയ തുടങ്ങിയ ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽനിന്ന് കൂടുതൽ പോലീസുകാരെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
ചൊവ്വാഴ്ച രാത്രി 11 മുതലാണ് പീനിയയിലെ മേൽപ്പാലം ദേശീയപാത അതോറിറ്റി അടച്ചത്. സമീപത്തെ മറ്റുറോഡുകളിലൂടെ കടന്നുപോകാൻ സൗകര്യമൊരുക്കിയിരുന്നെങ്കിലും പലരും ഇക്കാര്യം ശ്രദ്ധിക്കാതെ പാലത്തിന് സമീപമെത്തിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ട്രാഫിക് പോലീസുകാർ വിവിധയിടങ്ങളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നുണ്ടായിരുന്നെങ്കിലും ഇടറോഡുകളിലൂടെയെത്തിയ വാഹനങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
നേരത്തേ ദേശീയപാത അതോറിറ്റി നടത്തിയ പരിശോധനയിലാണ് പാലത്തിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് കണ്ടെത്തിയത്. തുടർന്ന് 38 കോടിരൂപ ഇതിനായി മാറ്റിവെക്കുകയും ചെയ്തു. അറ്റകുറ്റപ്പണിക്കൊപ്പം ഭാരപരിശോധനയും നടത്തും. വെള്ളിയാഴ്ച രാവിലെ 11-ന് പാലം വീണ്ടും ഗതാഗതത്തിനായി തുറക്കും.
സർവീസ് റോഡുകൾ ഉപയോഗിക്കണമെന്ന് ട്രാഫിക് പോലീസ്:യാത്രക്കാർ പരമാവധി നെലമംഗല-മജെസ്റ്റിക് ടോൾഫ്രീ റോഡ് ഉപയോഗിക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. നെലമംഗല ഭാഗത്തുനിന്നുവരുന്നവർ സർവീസ് റോഡിലൂടെ എട്ടാംമൈലിലെത്തി ദാസറഹള്ളി, ജാലഹള്ളി ക്രോസ്, പീനിയ പോലീസ് സ്റ്റേഷൻ, എസ്.ആർ.എസ്. ജങ്ഷൻ വഴി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകണം.
സി.എം.ഐ.ടി. ജങ്ഷനിൽനിന്ന് നെലമംഗല ഭാഗത്തേക്ക് പോകുന്നവർ പാർലേജി ഫാക്ടറിക്ക് സമീപത്തുകൂടി എസ്.ആർ.എസ്. ജങ്ഷനിലെത്തണം. തുമകൂരുവിലേക്ക് പോകുന്ന വലിയ വാഹനങ്ങൾ മഗഡി റോഡുവഴി നൈസ് റോഡിലേക്ക് പ്രവേശിച്ച് യാത്രതുടരണമെന്നും ട്രാഫിക് പോലീസ് അറിയിച്ചു.