തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ശമനം. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. കൂടുതല്‍ ഡാമുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരം യോഗം വിളിച്ചു. രാവിലെ പത്ത് മണിക്കാണ് യോഗം.
പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനം ഉണ്ടെങ്കിലും കക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കക്കി അണക്കെട്ട് രാവിലെ 11 മണിയോടെ തുറക്കും. രണ്ട് ഷട്ടറുകള്‍ ആയിരിക്കും തുറക്കുക. ആറന്മുള, ചെങ്ങന്നൂര്‍, കോഴഞ്ചേരി എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.
പമ്ബയിലും അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്ന് തന്നെ തുടരുകയാണ്. മഴയ്ക്ക് ശമനമുണ്ടായിട്ടും ജലനിരപ്പ് താഴാതെ തുടരുന്നത് ആശങ്കയാണ്. വടക്കന്‍ കേരളത്തിലും മഴ തുടരുന്നുണ്ടെങ്കിലും ശക്തമല്ല. കോഴിക്കോട് കക്കയം അണക്കെട്ടിലേക്കുള്ള വഴിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വടകര, കൊയിലാണ്ടി ഭാഗങ്ങളിലായി നിരവധി വീടുകളാണ് തകര്‍ന്നത്.
പാലക്കാട് ജില്ലയിലെ എട്ട് ഡാമുകളില്‍ ആറും തുറന്ന പശ്ചാത്തലത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകനം യോഗം ചെരും. ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. കൊല്ലം തെന്മല ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ കിഴക്കേ കല്ലട, പടിഞ്ഞാറെ കല്ലട, മണ്‍റോ തുരുത്ത് എന്നീ മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇതുവരെ 26 മരണമാണ് സംഭവിച്ചത്. കോട്ടയം കൂട്ടിക്കലില്‍ ശനിയായാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തൊട്ടടുത്ത പ്രദേശമായ ഇടുക്കി ജില്ലയിലെ കൊക്കയാറില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ ഒന്‍പത് മൃതദേഹങ്ങളും ഇന്നലെ കണ്ടെത്തി.
അതെസമയം, കൊക്കയാറില്‍ കാണാതായ മൂന്നര വയസുകാരന്‍ സച്ചു ഷാഹുലിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഒഴുക്കില്‍പെട്ട ആന്‍സി എന്ന സ്ത്രീയെക്കുറിച്ചും ഇതുവരെ വിവരം ലഭിച്ചിട്ടില്ല. കാലാവസ്ഥ അനുകൂലമാവുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കമെന്ന പ്രതീക്ഷയിലാണ് വിവിധ സേനാംഗങ്ങള്‍.