ബംഗളൂരു: അറബിക്കടലിലെ ചുഴലിക്കാറ്റ് മൂലം അടുത്ത നാല് ദിവസങ്ങളില്‍ കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കര്‍ണാടക, കേരള പ്രദേശങ്ങളില്‍ കാറ്റുണ്ടാകും. കാറ്റ് 60 കിലോമീറ്റര്‍ വേഗതയും കൈവരിക്കും. ബംഗളൂരുവിലടക്കം ചൊവ്വാഴ്ച മഴ പെയ്തിരുന്നു.
എയിംസില്‍ നിലപാട് മാറ്റി കേരളം;കോഴിക്കോട്ടല്ല, വേണ്ടത് കാസര്‍കോട്ട്
കേരളത്തിന് കേന്ദ്രം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്ന അഖിലേന്ത്യ മെഡിക്കല്‍ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് (എയിംസ്) സ്ഥാപിക്കേണ്ട ജില്ലയുടെ കാര്യത്തില്‍ നിലപാട് മാറ്റി സംസ്ഥാന സര്‍ക്കാര്‍.കോഴിക്കോട്ട് വേണമെന്ന ആവശ്യം തിരുത്തി, കാസര്‍കോട്ട് എയിംസ് അനുവദിക്കണമെന്ന പ്രത്യേക നിവേദനവുമായി സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചു.ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ പ്രത്യേകം കണ്ട് ആവശ്യം ഉന്നയിക്കുകയായിരുന്നു.
ആരോഗ്യമന്ത്രി കേരളത്തില്‍ വന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോഴും കോഴിക്കോട്ട് എയിംസ് അനുവദിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരുന്നത്. അതിനായി കിനാലൂരില്‍ സ്ഥലം കണ്ടെത്തുകയും പരിശോധനകളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ എയിംസ് കാസര്‍കോട് മതിയെന്നാണ് സംസ്ഥാനം അറിയിച്ചിരിക്കുന്നത്. ഈ മലക്കംമറിച്ചിലിന് കെ.വി. തോമസ് വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമായ മറുപടി നല്‍കിയില്ല. എന്നാല്‍, നിലപാട് മാറ്റിയതിന് കാരണം പുതിയ നിവേദനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍ മംഗളൂരുവില്‍നിന്ന് 25 കി.മീ. മാത്രം അകലെ എയിംസിന് പറ്റിയ സ്ഥലം കേരള സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. വികസന, ആരോഗ്യ രംഗങ്ങളില്‍ പിന്നാക്ക ജില്ലയായ കാസര്‍കോട്ട് ചികിത്സ സൗകര്യങ്ങള്‍ വളരെ പരിമിതമാണ്. കാസര്‍കോട്ട് എയിംസ് വന്നാല്‍ തെക്കൻ കര്‍ണാടകത്തിനും വടക്കൻ കേരളത്തിനും ഒരുപോലെ ഉപകരിക്കും. ജനിതക വൈകല്യമുള്ള കുട്ടികളടക്കം ഒട്ടേറെ പേര്‍ക്ക് കാസര്‍കോട്ട് പ്രത്യേക ചികിത്സക്ക് സൗകര്യമില്ലാത്തതാണ് നിലവിലെ സാഹചര്യം. എയിംസ് വേണമെന്ന ആവശ്യമുയര്‍ത്തി കാസര്‍കോട് ജനകീയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
എയിംസ് അനുവദിക്കുന്ന വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി വൈകാതെ ഫോണില്‍ ബന്ധപ്പെടുമെന്ന വിശദീകരണവും തോമസ് നല്കി. ഇക്കുറി നഴ്സിങ് കോളജ് കേരളത്തിന് കിട്ടാതെവന്ന പശ്ചാത്തലത്തില്‍ അതടക്കമുള്ള ആവശ്യങ്ങളും മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ തോമസ് ഉന്നയിച്ചിട്ടുണ്ട്. വയനാട്ട് മെഡിക്കല്‍ കോളജ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.