ബെംഗളൂരു: കനത്ത മഴയെ തുടർന്ന് പച്ചക്കറികൾക്ക് പിന്നാലെ അരിവിലയും ഉയരുന്നു. മലയാളികൾ കൂടുതലായി ഉപയോഗിക്കുന്ന മട്ട അരിയുടെ വിലയാണ് രണ്ടാഴ്ചയ്ക്കുള്ളിൽ കൂടിയത്. ചില്ലറ വിപണിയിൽ വടി മട്ട അരി കിലോയ്ക്ക് 48 രൂപവരെയായി. നേരത്തേ 40 മുതൽ 45 രൂപ വരെയായിരുന്നു വില. 25 കിലോയുടെ ചാക്കിന് 860 രൂപയിൽ നിന്ന് 1050 രൂപവരെയായി.തമിഴ്നാട്ടിൽ നിന്നുള്ള ഇഡലി അരിയുടെ വില കിലോയ്ക്ക് 36 രൂപയായി. നേരത്തേ 25-30 രൂപയായിരുന്നു വില. 25 കിലോ ചാക്കിന്റെ വില 900 രൂപയാണിപ്പോൾ.സംസ്ഥാനത്ത് ശിവമൊഗ്ഗ, ഭദ്രാവതി എന്നിവിടങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന നെല്ലാണ് എറണാകുളം കാലടിയിലെ പ്ലാന്റുകളിൽ നിന്ന് സംസ്കരിച്ച് മട്ട അരിയായി വിവിധ ബ്രാൻഡുകളിൽ നഗരത്തിൽ വില്പനയ്ക്കെത്തുന്നത്. മഴയെ തുടർന്ന് ശിവമൊഗ്ഗയിൽ നെൽകൃഷി നശിച്ചതും ചരക്കു നീക്കം തടസ്സപ്പെട്ടതുമാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.